Asianet News MalayalamAsianet News Malayalam

IND v NZ‌| റാഞ്ചിയിലും വിജയം റാഞ്ചി ഇന്ത്യ, ന്യൂസിലന്‍ഡ‍ിനെതിരെ ടി20 പരമ്പര

49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.  രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി

IND v NZ: India beat New Zealand by 7 wickets to seal the series
Author
Ranchi, First Published Nov 19, 2021, 10:56 PM IST

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ (IND v NZ) ഏഴ് വിക്കറ്റ് ജയവുമായി മൂന്നു മത്സര പരമ്പര(2-0) ഇന്ത്യ സ്വന്തമാക്കി.154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും(KL Rahul) ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(Rohit Sharma) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.  രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. ജിമ്മി നീഷാമിനെ തുടര്‍ച്ചയായി രണ്ടുതവണ സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ 117 റണ്‍സെടുത്തശേഷമാണ് രാഹുല്‍-രോഹിത് സഖ്യം വേര്‍ പിരിഞ്ഞത്. രോഹിത് 36 പന്തില്‍ 55 റണ്‍സെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍  153-6, ഇന്ത്യ 17.2 ഓവറില്‍ 155-3. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ പരമ്പര തന്നെ സ്വന്തമാക്കിയതോടെ രോഹിത് ശര്‍മയും പരിശീലകനെന്ന നിലയില്‍ ആദ്യ പരമ്പര നേട്ടത്തോടെ രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുഗത്തിന് വിജയത്തുടക്കമിട്ടു.

തീപ്പൊരി തുടക്കവുമായി രാഹുലും രോഹിത്തും

ടിം സൗത്തിയുടെ ആദ്യ ഓവറിലെ എട്ട് റണ്‍സടിച്ച് നയം വ്യക്തമാക്കിയ ഇന്ത്യ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സിലെത്തി വിജയത്തിലേക്ക് മികച്ച അടിത്തറയിട്ടു. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 63 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു ഇന്ത്യ. എന്നാല്‍ മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ പത്താം ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ച രോഹിത് ടോപ് ഗിയറിലായി. ആദം മില്‍നെയുടെ അടുത്ത ഓവറില്‍ സിക്സ് പറത്തി രാഹുല്‍ അര്‍ധസെഞ്ചുറിയിലെത്തി.  40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുല്‍ ബോള്‍ട്ടിനെയും വെറുതെ വിട്ടില്ല. 11.4 ഓവറില്‍ 100 കടന്ന ഇന്ത്യ വിജയം ഉറപ്പിച്ചു.

പതിനാലാം ഓവറില്‍ ടിം സൗത്തിയുടെ പന്തില്‍ രാഹുല്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് വിജയത്തിലേക്ക് അധികം ദൂരമില്ലായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-രോഹിത് സഖ്യം 13.2 ഓവറില്‍ 117 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി വണ്‍ഡൗണായി സൂര്യകുമാറിന് പകരം വെങ്കടേഷ് അയ്യരാണ് എത്തിയത്. ആദം മില്‍നെയെ സിക്സിന് പറത്തി 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് ടി20 കരിയറിലെ ഇരുപത്തിയഞ്ചാം അര്‍ധസെഞ്ചുറിയാണ് നേടിയത്. രോഹിത് മടങ്ങഇയതിന് പിന്നാലെ സൂര്യകുമാറും(1) മടങ്ങിയെങ്കിലും റിഷഭ് പന്തും(6 പന്തില്‍ 12), വെങ്കടേഷ് അയ്യരും(11 പന്തില്‍ 12) ഇന്ത്യയെ വിജയവരം കടത്തി. ന്യൂസിലന്‍ഡിനായി ടിം സൗത്തി നാലോവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. തുടക്കത്തില്‍ അടിച്ചുതകര്‍ത്ത് മുന്നേറിയ കിവീസിനെ ബൗളര്‍മാരിലൂടെ എറിഞ്ഞു പിടിച്ചാണ് ഇന്ത്യ അവരെ 153 റണ്‍സിലൊതുക്കിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സിലെത്തിയ ന്യൂസിലന്‍ഡിനെ മധ്യ ഓവറുകളിലും അവസാന ഓവറുകളിലുമാണ് ഇന്ത്യ വരിഞ്ഞു മുറുക്കിയത്. 34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ്(Glenn Phillips) ആണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) രണ്ട് വിക്കറ്റ് വീഴത്തി അരങ്ങേറ്റം ഗംഭീരമാക്കി.

Follow Us:
Download App:
  • android
  • ios