Asianet News MalayalamAsianet News Malayalam

IND v NZ| തകര്‍ത്തടിച്ച് ഗപ്ടിലും ചാപ്‌മാനും, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിനെ ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍കുമാര്‍(Bhuvneshwar Kumar) ഞെട്ടിച്ചു. മൂന്നാം പന്തില്‍ ലോകകപ്പിലെ ഹീറോ ആയ ഡാരില്‍ മിച്ചലിനെ(0)(Daryl Mitchell) ഭുവി ക്ലീന്‍ ബൗള്‍ഡാക്കി. റണ്‍സ് വഴങ്ങുന്നതില്‍ ഭുവി പിശുക്ക് കാട്ടിയപ്പോള്‍ മറുവശത്ത് ദീപക് ചാഹര്‍ റണ്‍സേറെ വഴങ്ങിയത് ഇന്ത്യയുടെ പിടി അയച്ചു.

IND v NZ: New Zealand  set 165 runs target for India in 1st T20I
Author
Jaipur, First Published Nov 17, 2021, 8:55 PM IST

ജയ്പൂര്‍: ടി20 പരമ്പരയിലെ(IND v NZ) ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെയും(Martin Guptill) മാര്‍ക്ക് ചാപ്മാന്‍റെയും(Mark Chapman) അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 42 പന്തില്‍ 70 റണ്‍സടിച്ച ഗപ്ടിലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. വണ്‍ ഡൗണായി എത്തിയ ചാപ്മാന്‍ 50 പന്തില്‍ 63 റണ്‍സെടുത്തു. ഇന്ത്യക്കായി അശ്വിന്‍(Ravichandran Ashwin) രണ്ട് വിക്കറ്റെടുത്തു.

ആദ്യ ഓവറിലെ കിവീസിനെ ഞെട്ടിച്ച് ഭുവനേശ്വര്‍ കുമാര്‍

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിനെ ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍കുമാര്‍(Bhuvneshwar Kumar) ഞെട്ടിച്ചു. മൂന്നാം പന്തില്‍ ലോകകപ്പിലെ ഹീറോ ആയ ഡാരില്‍ മിച്ചലിനെ(0)(Daryl Mitchell) ഭുവി ക്ലീന്‍ ബൗള്‍ഡാക്കി. റണ്‍സ് വഴങ്ങുന്നതില്‍ ഭുവി പിശുക്ക് കാട്ടിയപ്പോള്‍ മറുവശത്ത് ദീപക് ചാഹര്‍ റണ്‍സേറെ വഴങ്ങിയത് ഇന്ത്യയുടെ പിടി അയച്ചു. ആദ്യ രണ്ടോവറില്‍ 24 റണ്‍സാണ് ചാഹര്‍ വഴങ്ങിയത്.  പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ചാഹറിനെതിരെ 15 റണ്‍സടിച്ച് ന്യൂസിലന്‍ഡ് പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലായിരുന്നു.

മധ്യ ഓവറുകളില്‍ തകര്‍ത്തടിച്ച് ചാപ്‌മാനും ഗപ്ടിലും

ആര്‍ അശ്വിനും അക്സര്‍ പട്ടേലും പന്തെറിയാനെത്തിയതോടെ തുടക്കത്തില്‍ ന്യൂസിലന്‍ഡ് സ്കോറിംഗിന് ബ്രേക്ക് വീണെങ്കിലും പേസര്‍മാരായ മുഹമ്മദ് സിറാജിന്‍റെ ഓവറില്‍ 16 റണ്‍സടിച്ച് ന്യൂസിലന്‍ഡ് സ്കോറിംഗ് വേഗം കുറയാതെ കാത്തു. ആദ്യ രണ്ടോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങിയ അക്സറിന്‍റെ മൂന്നാം ഓവിറില്‍ കിവീസ് 15 റണ്‍സടിച്ചതോടെ കീവീസ് സ്കോര്‍ പതിമൂന്നാം ഓവറില്‍ 100 കടന്നു. പത്തു മുതല്‍ 12 വരെയുള്ള ഓവറുകളില്‍ 40ലേറെ റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത്. 46 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ചാപ്മാനെ മടക്കി അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ ഓവറില്‍ ഗ്ലെന്‍ ഫിലിപ്സിനെയും(0) വീഴ്ത്തി അശ്വിന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും ഗപ്ടില്‍ തകര്‍ത്തടിച്ചതോടെ കിവീസ് സ്കോര്‍ കുതിച്ചു.

മുഹമ്മദ് സിറാജിനെ സിക്സിന് പറത്തി 31 പന്തില്‍ അര്‍ധസെഞ്ചുരി തികച്ച ഗപ്ടില്‍ പതിനെട്ടാം ഓവറില്‍ പുറത്താവുമ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ 150 കടന്നിരുന്നു. 42 പന്തില്‍ മൂന്ന് ഫോറും നാലു സിക്സും പറത്തിയാണ് ഗപ്ടില്‍ 70 റണ്‍സടിച്ചത്. ഗപ്ടില്‍ പുറത്തായതോടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കിവീസ് 20 ഓവറില്‍ 164 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലെത്തി. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് സിറാജും എറിഞ്ഞ അവസാന രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് കിവീസിന് നേടാനായത്.

ഇന്ത്യക്കായി അശ്വിന്‍ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ദീപക് ചാഹര്‍ നാലോവറില്‍ 42 റണ്‍സിനും മുഹമ്മദ് സിറാജ് നാലോവറില്‍ 39 റണ്‍സിനും ഒരോ വിക്കറ്റ് വീഴ്ത്തി. ഓള്‍ റൗണ്ടറായി ടീമിലെത്തിയ വെങ്കടേഷ് അയ്യര്‍ ഇന്ന് പന്തെറിഞ്ഞില്ല.
 

Follow Us:
Download App:
  • android
  • ios