Asianet News MalayalamAsianet News Malayalam

ഗില്‍, ജയ്സ്വാള്‍ മാറിനില്‍ക്കണം; രണ്ടാം ട്വന്‍റി 20യിലും ലോകകപ്പിലും ഓപ്പണറാവേണ്ടത് കോലി, കാരണമുണ്ട്

ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ അവസാന പരമ്പരയാണ് അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്നത്

IND vs AFG 2nd T20I 3 reasons Why Virat Kohli should open the batting with Rohit Sharma ahead of T20 World Cup 2024
Author
First Published Jan 13, 2024, 10:13 AM IST

ഇന്‍ഡോര്‍: നീണ്ട 14 മാസത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലി ഇന്ത്യന്‍ ട്വന്‍റി 20 ടീമിലേക്ക് മടങ്ങിവരികയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ മൊഹാലിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20യില്‍ കളിക്കാതിരുന്ന വിരാട് ഇന്‍ഡോറിലെ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങും. നേരിട്ട് പ്ലേയിംഗ് ഇലവനിലേക്ക് എത്തുന്ന കോലി ബാറ്റിംഗ് ക്രമത്തില്‍ എവിടെയാണ് ഇറങ്ങുക? 

ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ അവസാന പരമ്പരയാണ് അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്നത്. രണ്ടേ രണ്ട് മത്സരങ്ങള്‍ മാത്രമേ പരമ്പരയില്‍ അവശേഷിക്കുന്നുള്ളൂ. അതിനാല്‍ വിരാട് കോലി ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇറങ്ങുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. ഇരുവരുടെയും അവസാന ലോകകപ്പാണിത്. രാജ്യാന്തര ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പേരിലുള്ള കോലി ഓപ്പണറായാല്‍ മധ്യനിരയില്‍ ഒരു അധിക താരത്തെ ഇന്ത്യക്ക് കളിപ്പിക്കാം. രോഹിത് ശര്‍മ്മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉറപ്പാണ്. ഇതിന് ശേഷം യുവതാരം റിങ്കു സിംഗിനെ അഞ്ചോ ആറോ സ്ഥാനത്ത് ഫിനിഷറായി ടീമിന് ഇറക്കാന്‍ അവസരമൊരുങ്ങും.

വിരാട് കോലി ഓപ്പണറായാല്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് വലിയ പ്രയോജനമുണ്ട്. ജിതേഷ് ശര്‍മ്മ മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നതിനാല്‍ ഇലവനില്‍ ജിതേഷിനൊപ്പം ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരു വിക്കറ്റ് കീപ്പറെ സ്പെഷ്യലിസ്റ്റ് ബാറ്റായി ടീമിന് കളിപ്പിക്കാം. 

രാജ്യാന്തര ട്വന്‍റി 20യില്‍ മൂന്നാം നമ്പറിലാണ് വിരാട് കോലി കൂടുതലും കളിച്ചിട്ടുള്ളത്. എന്നാല്‍ ഓപ്പണറായാല്‍ പവര്‍പ്ലേ പ്രയോജനപ്പെടുത്തി അനായാസം വേഗത്തില്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ കോലിക്കാകും. സ്പിന്നര്‍മാര്‍ക്കെതിരെ 2020ന് ശേഷം സ്ട്രൈക്ക് റേറ്റ് കുറവാണ് എന്ന പോരായ്‌മ ആദ്യ പവര്‍പ്ലേ ഓവറില്‍ കോലിക്ക് മറികടക്കുകയും ചെയ്യാം. ഐപിഎല്‍ 2023 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണറുടെ റോളില്‍ 14 ഇന്നിംഗ്‌സില്‍ 51.69 ശരാശരിയിലും 139.70 പ്രഹരശേഷിയിലും വിരാട് 639 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 2016ല്‍ ആര്‍സിബിക്കായി കോലി 973 റണ്‍സ് നേടിയതും ഓപ്പണറുടെ പൊസിഷനിലായിരുന്നു. രാജ്യാന്തര ടി20യില്‍ ഓപ്പണറായ 9 അവസരങ്ങളില്‍ 57.14 ശരാശരിയിലും 161.29 സ്ട്രൈക്ക് റേറ്റിലും 400 റണ്‍സ് വിരാട് പേരിലാക്കിയിട്ടുണ്ട്. 

Read more: മൂന്ന് മാറ്റമുറപ്പ്, അപ്പോഴും സഞ്ജു സാംസണ്‍ ആ ഭാഗത്തേക്ക് നോക്കണ്ട; രണ്ടാം ട്വന്‍റി20 സാധ്യതാ ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios