സ‍ഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍

ഇന്‍ഡോര്‍: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇൻഡോറിൽ വൈകിട്ട് ഏഴ് മണിക്കാണ് കളി തുടങ്ങുക. മത്സരം ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാകും. റണ്‍മെഷീന്‍ വിരാട് കോലിയുടെ തിരിച്ചുവരവിനൊപ്പം മലയാളി ക്രിക്കറ്റര്‍ സ‍ഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കോലി തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പാണ്. 

ഇലവന്‍ സാധ്യത

ലോകകപ്പിന് മുൻപുള്ള അവസാന ട്വന്‍റി 20 പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നുന്നത്. മൊഹാലിയിലെ ആദ്യ ടി20യില്‍ തോറ്റ അഫ്ഗാനിസ്ഥാന് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇൻഡോറിൽ ജയം അനിവാര്യമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 158 റൺസെടുത്ത അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലി ട്വന്‍റി 20 ടീമിലേക്ക് ഇന്ന് തിരിച്ചെത്തും. ഇതുകൊണ്ടുതന്നെ ഇന്ത്യൻ നിരയിൽ മാറ്റം ഉറപ്പ്. ജിതേഷ് ശർമ്മയ്ക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തുമോയെന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ് യുവതാരങ്ങളായ റിങ്കു സിംഗ്, തിലക് വർമ്മ, ശിവം ദുബെ, രവി ബിഷ്ണോയ് തുടങ്ങിയവരുടെ ലക്ഷ്യം. 

കാണാം മത്സരം സൗജന്യമായി

പരിക്കേറ്റ് പുറത്തായ റാഷിദ് ഖാന്റെ അഭാവം മറികടക്കുകയാണ് അഫ്ഗാനിസ്ഥാന്‍റെ വെല്ലുവിളി. റഹ്‌മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ എന്നിവർ ഉൾപ്പെട്ട അഫ്ഗാനിസ്ഥാനെ നിസാരക്കാരായി കാണാൻ ഇന്ത്യക്ക് കഴിയില്ല. മത്സരം ടെലിവിഷനില്‍ സ്പോര്‍ട്‌സ് 18 വഴിയും ഓണ്‍ലൈനില്‍ ജിയോ സിനിമ വഴിയും ഇന്ത്യയിലുള്ള ആരാധകര്‍ക്ക് കാണാം. ഇന്‍ഡോറില്‍ മത്സരത്തിന് മഴ ഭീഷണിയൊന്നുമില്ല എന്നത് വലിയ ആശ്വാസമാണ്. 

Read more: മൂന്ന് മാറ്റമുറപ്പ്, അപ്പോഴും സഞ്ജു സാംസണ്‍ ആ ഭാഗത്തേക്ക് നോക്കണ്ട; രണ്ടാം ട്വന്‍റി20 സാധ്യതാ ടീം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം