ഏകദിന ക്രിക്കറ്റ് കരിയറില്‍ 12 തവണയാണ് രോഹിത് ശർമ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. വിരാട് കോഹ്‌ലിക്കൊ സച്ചിൻ തെണ്ടുല്‍ക്കറിനൊ രോഹിതിന് ഒപ്പമെത്താൻ സാധിച്ചിട്ടില്ല
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അപൂർവനേട്ടവുമായി ഇന്ത്യൻ താരം രോഹിത് ശർമ. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 12 വർഷം ബാറ്റിങ് ശരാശരി അൻപതോ അതിന് മുകളിലോ നിലനിർത്തുന്ന ആദ്യ താരമായി മാറാൻ രോഹിതിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ 75 റണ്‍സ് നേടിയതോടെ രോഹിതിന് 2025ലെ ശരാശരി 50 ആയി നിലനിർത്താൻ രോഹിതിന് കഴിഞ്ഞു. 2007ല്‍ ഏകദിന ഫോർമാറ്റില്‍ അരങ്ങേറിയ രോഹിത് ആദ്യമായി ഈ നേട്ടത്തിലേക്ക് എത്തിയത് 2011ലായിരുന്നു.
പിന്നീട് 2013 (52.00), 2014 (52.54) , 2015 (50.93), 2016 (62.66), 2017 (71.83), 2018 (73.57), 2019 (57.30), 2020 (57.00), 2023 (52.29), 2024 (52.33), 2025 (50.00) എന്നിങ്ങനെയാണ് രോഹിതിന്റെ ഓരോ വർഷത്തേയും ബാറ്റിങ് ശരാശരി. 2017 മുതല്‍ 2019 വരെയായിരുന്നു രോഹിതിന്റെ ഏകദിന കരിയറിലെ ഏറ്റവും സുവർണകാലഘട്ടം. ഈ കാലയളവില്‍ ശരാശരി 50ന് മുകളില്‍ എത്തിയത് മാത്രമല്ല തുടർച്ചയായി മൂന്ന് വർഷം രോഹിത് ആയിരം റണ്‍സിന് മുകളിലും സ്കോര്‍ ചെയ്തിരുന്നു.
കരിയറിലെ 33 സെഞ്ചുറികളില്‍ 18 എണ്ണവും രോഹിത് മേല്‍പ്പറഞ്ഞ വർഷങ്ങളിലായിരുന്നു അടിച്ചുകൂട്ടിയത്. ഒന്നരപതിറ്റാണ്ട് പിന്നിടുന്ന ഏകദിന കരിയറില്‍ അഞ്ച് തവണയാണ് രോഹിത് കലണ്ടര്‍ വർഷം ആയിരത്തിലധികം റണ്‍സ് നേടിയിട്ടുള്ളത്. 2013, 2017, 2018, 2019, 2023 വർഷങ്ങളിലായിരുന്നു ഇത്.
രോഹിത് പിന്നിലായി സമാനനേട്ടം കൊയ്ത മറ്റൊരു ഇന്ത്യൻ താരം വിരാട് കോഹ്ലിയാണ്. കോഹ്ലി 10 വർഷം തന്റെ ഏകദിന ശരാശരി 50ന് മുകളില്‍ നിലനിർത്തിയിട്ടുണ്ട്. 2018ല്‍ കോഹ്ലിയുടെ ശരാശരി നൂറിനും മുകളിലായിരുന്നു. 133 ശരാശരിയിലായിരുന്നു ആ വർഷം കോഹ്ലി ബാറ്റ് ചെയ്തത്. ആയിരത്തിലധികം റണ്‍സ് സ്കോർ ചെയ്തിട്ടുള്ള എട്ട് വർഷം വലം കയ്യൻ ബാറ്ററുടെ കരിയറിലുണ്ടായിട്ടുണ്ട്.
മറ്റൊരു ഇന്ത്യൻ ഇതിഹാസവും മുൻ നായകനുമായ എം എസ് ധോണിയുടെ കരിയറില്‍ ശരാശരി 50ന് മുകളില്‍ നിന്ന് എട്ട് വർഷങ്ങളുണ്ട്. ഏകദിന ഫോര്‍മാറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ സച്ചിൻ തെണ്ടുല്‍ക്കറുടെ 23 വർഷത്തെ കരിയറില്‍ ഏഴ് തവണയും സമാന നേട്ടം സംഭവിച്ചിട്ടുണ്ട്.


