ബോർഡർ-ഗാവസ്കർ ട്രോഫി നമുക്ക് തന്നെ, ദ്രാവിഡിന് സമയം നല്‍കിയാല്‍ ടീം ഇന്ത്യ കുതിക്കും: ഗാംഗുലി
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം കോച്ചായ ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ബോർഡർ-ഗാവസ്കർ ട്രോഫി

നാഗ്‌പൂര്‍: പരിശീലകന്‍ രാഹുൽ ദ്രാവിഡിന് സമയം നൽകിയാൽ ഇന്ത്യൻ ടീമിനെ മികവിലെത്തിക്കുമെന്ന് മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താനാകുമെന്നും ഗാഗുലി പറഞ്ഞു. ശുഭ്‌മാൻ ഗില്ലും സൂര്യകുമാർ യാദവും അടക്കമുള്ള താരങ്ങളുടെ മികവിനെ ദാദ പ്രശംസിച്ചു.
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം കോച്ചായ ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ബോർഡർ-ഗാവസ്കർ ട്രോഫി. ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനെ സ്വന്തം നാട്ടിൽ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. എന്നാൽ ദ്രാവിഡിന് കീഴിൽ ഇന്ത്യൻ ടീം ശക്തമാകുന്നതിന്‍റെ സൂചനയാണ് കാണുന്നതെന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം. 'ട്വന്‍റി 20 ലോകകപ്പിൽ കിരീടം നേടിയില്ലെങ്കിലും ടീം സെമിയിലെത്തി. യുവ താരങ്ങൾ മികവിലേക്കുയരുന്നതും നമുക്ക് കാണാനാകും. ബോർഡർ-ഗാവസ്കർ ട്രോഫി മികച്ച അനുഭവമാകും. ഓസീസ് താരങ്ങൾക്ക് ഇന്ത്യൻ സാഹചര്യം പരിചിതമാണെന്നത് വെല്ലുവിളിയുമാണ്. ഓസ്ട്രേലിയ ശക്തരാണെങ്കിലും ഇന്ത്യക്ക് ജയിക്കാനാകുമെന്നാണ്' കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.
ഒരു വർഷം കൊണ്ട് ഒരു പരിശീലകന് ഏറെ നേട്ടത്തിലെത്താനാകില്ല. രാഹുൽ ദ്രാവിഡിന് സമയം നൽകിയാൽ ഇന്ത്യൻ ടീമിനെ മികവിലേക്കുയർത്തുമെന്നും ഗാംഗുലി പറഞ്ഞു. നാഗ്‌പൂരില്‍ വ്യാഴാഴ്‌ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നാല് ടെസ്റ്റുകളുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്.
ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.
തലേന്നും തലപുകയ്‌ക്കുകയോ? നാഗ്‌പൂരിലെ അന്തിമ ഇലവന്‍ തീരുമാനമായിട്ടില്ലെന്ന് രോഹിത് ശര്‍മ്മ