Asianet News MalayalamAsianet News Malayalam

'എന്ത് ചെയ്യാനാടാ ഉവ്വേ, സിക്‌സര്‍ വിളിച്ച് അംപയര്‍മാര്‍ മടുത്തു'; ഹര്‍ഷല്‍ പട്ടേലിന് വീണ്ടും ട്രോള്‍മഴ

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ നാഗ്‌പൂരിലും ഹര്‍ഷലിന് ടീം മാനേജ്‌മെന്‍റ് അവസരം നല്‍കിയപ്പോഴും താരം നിരാശപ്പെടുത്തി

IND vs AUS 2nd T20I Fans slams Harshal Patel for poor performance again in series against Australia
Author
First Published Sep 24, 2022, 11:28 AM IST

നാഗ്‌പൂര്‍: ജസ്‌പ്രീത് ബുമ്ര തിരിച്ചെത്തിയതും അക്‌സര്‍ പട്ടേലിന്‍റെ ബൗളിംഗും രോഹിത് ശര്‍മ്മയുടെ വെടിക്കെട്ടും ദിനേശ് കാര്‍ത്തിക്കിന്‍റെ ഫിനിഷിംഗും ഒക്കെ ശരിതന്നെ. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും അടിവാങ്ങിക്കൂട്ടിയിരിക്കുന്ന പേസ‍ര്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ ടീമിലെ സ്ഥാനം ചോദ്യചിഹ്നമായി തുടരുകയാണ്. നാഗ്‌പൂര്‍ ടി20യിലും മാത്യൂ വെയ്‌ഡില്‍ നിന്ന് അടിവാങ്ങിക്കൂട്ടിയ ഹര്‍ഷലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ആരാധകര്‍. 

മൊഹാലിയില്‍ ഓസീസിനെതിരെ ആദ്യ ടി20യില്‍ 4 ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല. തന്‍റെ അവസാന ഓവറില്‍ 22 റണ്‍സാണ് എറിഞ്ഞുനല്‍കിയത്. എന്നിട്ടും തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ നാഗ്‌പൂരില്‍ ഹര്‍ഷലിന് ടീം മാനേജ്‌മെന്‍റ് അവസരം നല്‍കിയപ്പോഴും താരം നിരാശപ്പെടുത്തി. മഴമൂലം എട്ട് ഓവറായി ചുരുക്കിയ മത്സരത്തിലെ അവസാന ഓവറില്‍ 19 റണ്‍സാണ് ഹര്‍ഷല്‍ വിട്ടുകൊടുത്തത്. ഹര്‍ഷലിനെതിരെ മൂന്ന് സിക്‌സുകള്‍ മാത്യൂ വെയ്‌ഡ് പറത്തി. തന്‍റെ രണ്ട് ഓവര്‍ ക്വാട്ടയില്‍ ആകെ വിട്ടുനല്‍കിയത് 32 റണ്‍സ്. ഇതോടെയാണ് ഹര്‍ഷല്‍ പട്ടേലിനെതിരെ വീണ്ടും ആരാധകര്‍ തിരിഞ്ഞത്. 

ഹര്‍ഷല്‍ പട്ടേല്‍ പന്തെറിയുമ്പോള്‍ ഇരു കൈകളുമുയര്‍ത്തി സിക്‌സര്‍ വിളിക്കാനേ അംപയര്‍ക്ക് നേരമുള്ളൂ എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. രണ്ട് ഓവര്‍ കുറവാണ് എറിഞ്ഞതെങ്കിലും 40 റണ്‍സ് വിട്ടുകൊടുക്കാന്‍ ഹര്‍ഷല്‍ പരമാവധി ശ്രമിച്ചു എന്ന് മറ്റൊരു ആരാധകന്‍ മീം ഇറക്കി. ഹര്‍ഷലിന്‍റെ ബൗളിംഗ് കണ്ട് നമിക്കുന്നതായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ ചിത്രം സഹിതമുള്ള മീം. ഇങ്ങനെ നീളുന്നു ഹര്‍ഷലിനെതിരെ ആരാധകരുടെ രോക്ഷവും വിമര്‍ശനവും. 

മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു. ഹര്‍ഷല്‍ രണ്ട് ഓവറില്‍ 32 ഉം ജസ്പ്രീത് ബുമ്ര 23 ഉം വിട്ടുകൊടുത്തപ്പോള്‍ 13ന് രണ്ട് പേരെ മടക്കിയ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ തുടര്‍ച്ചയായ രണ്ടാം ടി20യിലും മികച്ചുനിന്നു. ഒരോവര്‍ എറിഞ്ഞ യുസ്‌വേന്ദ്ര ചാഹല്‍ 12 ഉം ഹാര്‍ദിക് പാണ്ഡ്യ 10 ഉം റണ്‍സാണ് നല്‍കിയത്. അക്‌സറിന്‍റെ മികച്ച ബൗളിംഗിന് പുറമെ 20 പന്തില്‍ 46* റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയും 2 പന്തില്‍ 10* എന്ന ഫിനിഷിംഗുമായി ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യയെ ജയിപ്പിച്ചത്.  

എന്തുകൊണ്ട് നാഗ്‌പൂരില്‍ രോഹിത് ഓസീസിനെ പഞ്ഞിക്കിട്ടു; ഹിറ്റ്‌മാന്‍ ഹിറ്റിന്‍റെ രഹസ്യം പറഞ്ഞ് ഗാവസ്‌കര്‍

Follow Us:
Download App:
  • android
  • ios