നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡുകളിലുള്ള ഏതെങ്കിലുമൊരു ബാറ്റര്‍ ഫോംഔട്ടായാല്‍ അയാള്‍ പെട്ടു എന്ന അവസ്ഥയും മുന്നിലുണ്ട്

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ പഞ്ഞമില്ലാത്തൊരു മേഖലയാണ് ബാറ്റര്‍മാരുടെത്. ഓപ്പണര്‍മാര്‍ അടക്കം ടോപ് ഓര്‍ഡറില്‍ താരങ്ങളുടെ പൊരിഞ്ഞ പോരാട്ടം നടക്കുന്നു. മധ്യനിരയിലും ആവശ്യത്തിന് ബാറ്റര്‍മാര്‍ ടീമിലുണ്ട്. വിജയ് ഹസാരെ ട്രോഫിയിലൂടെ കര്‍ണാടക താരം ദേവ്‌ദത്ത് പടിക്കല്‍ വീണ്ടും ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ മുന്നില്‍ തന്‍റെ പേര് വച്ചുനീട്ടിയതോടെ ഈ പോര് കടുത്തു. 

ബാറ്റിംഗ് സ്ഥാനത്ത് പൊരിഞ്ഞ പോരാട്ടമാണ് ടീം ഇന്ത്യയില്‍ നടക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ശര്‍മ്മ-ശുഭ്‌മാന്‍ ഗില്‍ സഖ്യമാണ് നിലവില്‍ ടീം ഇന്ത്യയുടെ ഓപ്പണര്‍മാര്‍. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന ട്വന്‍റി 20 ക്രിക്കറ്റില്‍ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദുമാണ് ഓപ്പണര്‍മാര്‍. ഗില്‍ ടി20 ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കാം. ഇവരെ കൂടാതെ ഏത് പൊസിഷനിലും ഇറങ്ങാന്‍ കെല്‍പുള്ള കെ എല്‍ രാഹുലും ഇഷാന്‍ കിഷനും മധ്യനിരയില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെയുള്ള വമ്പന്‍മാരും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിനുണ്ട്. 

ഇവര്‍ക്കൊക്കെ പുറമെ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ട്രോഫിയിലൂടെ കര്‍ണാടകയുടെ ദേവ്‌ദത്ത് പടിക്കലും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് സ്ഥാനത്തേക്ക് വീണ്ടും തന്‍റെ പേര് വച്ചുനീട്ടുകയാണ്. മുമ്പ് ടീം ഇന്ത്യക്കായി 2 ടി20കള്‍ കളിച്ചിട്ടുണ്ടെങ്കിലും 38 റണ്‍സ് മാത്രമാണ് പടിക്കല്‍ നേടിയിരുന്നത്. 

വിജയ് ഹസാരെയിലെ നിലവിലെ തകര്‍പ്പന്‍ ഫോം ടീം ഇന്ത്യയിലേക്കുള്ള സെലക്ഷന്‍ പോരാട്ടത്തില്‍ തന്‍റെ പേര് വീണ്ടും ചേര്‍ക്കുന്നതിനൊപ്പം ഐപിഎല്‍ 2024 സീസണില്‍ മുമ്പ് പടിക്കലിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതുമാണ്. ഓപ്പണിംഗില്‍ അല്ല, മൂന്നാം നമ്പറിലാണ് ദേവ്‌ദത്ത് പടിക്കല്‍ നിലവില്‍ കര്‍ണാടകയ്‌ക്കായി വിജയ് ഹസാരെ ട്രോഫി കളിക്കുന്നത്. ടൂര്‍ണമെന്‍റില്‍ മൂന്ന് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും താരം നേടി. 37 പന്തില്‍ 71*, 122 പന്തില്‍ 117, 69 പന്തില്‍ 70 എന്നിങ്ങനെയാണ് ഇതുവരെ പടിക്കലിന്‍റെ സ്കോറുകള്‍. ടൂര്‍ണമെന്‍റില്‍ നിലവിലെ ടോപ് സ്കോറര്‍ (258 റണ്‍സ്) പടിക്കലാണ്. ദേവ്‌ദത്ത് പടിക്കല്‍ തിളങ്ങിയ മൂന്ന് മത്സരങ്ങളിലും കര്‍ണാടക വിജയിക്കുകയും ചെയ്‌തു. 

എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് ദേവ്‌ദത്ത് പടിക്കലിന് എളുപ്പമല്ല എന്നതൊരു യാഥാര്‍ഥ്യമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ ഭാവി തീരുമാനമായാല്‍ മാത്രമേ ടോപ് ഓര്‍ഡറില്‍ ദേവ്‌ദത്ത് പടിക്കലിന് അവസരം ലഭിക്കാന്‍ നിലവില്‍ സാധ്യതയുള്ളൂ. ഏകദിനത്തില്‍ ലോംഗ് ഇന്നിംഗ്‌സ് കളിക്കാനുള്ള കെല്‍പ് താരത്തിനുണ്ട് എങ്കിലും നിലവില്‍ ആ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ കുറവാണ് എന്നതും ടീമില്‍ താരങ്ങളുടെ ഒഴിവില്ല എന്നതും വെല്ലുവിളിയാണ്. ആരെ മാറ്റി പടിക്കലിനെ കളിപ്പിക്കും എന്നതാണ് സെലക്ടര്‍മാരുടെ മുന്നില്‍ വരാന്‍ പോകുന്ന വലിയ വെല്ലുവിളി. നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡുകളിലുള്ള ഏതെങ്കിലുമൊരു ബാറ്റര്‍ ഫോംഔട്ടായാല്‍ അയാള്‍ പെട്ടു എന്ന അവസ്ഥയും മുന്നിലുണ്ട്. 

Read more: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്‍റി 20: നീലപ്പടയുടെ പരമ്പര മോഹം മഴ കുളമാക്കുമോ? ഗുവാഹത്തിയിലെ കാലാവസ്ഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം