223 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഗുവാഹത്തി ട്വന്‍റി 20യില്‍ അഞ്ച് വിക്കറ്റിന്‍റെ ജയം അവസാന പന്തില്‍ സ്വന്തമാക്കുകയായിരുന്നു
ഗുവാഹത്തി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ ടീം ഇന്ത്യ അവസാന പന്തില്‍ തോറ്റതിന് ഒരൊറ്റ കാരണമേയുള്ളൂ. ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഫിനിഷ് മികവിനെ വെല്ലുവിളിക്കാന്‍ പോന്ന ഡെത്ത് ബൗളര്‍ നീലപ്പടയ്‌ക്ക് ഇല്ലാണ്ടുപോയി. ഇക്കാര്യം തുറന്നുസമ്മതിക്കുന്നതാണ് മത്സര ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെ വാക്കുകള്‍. മാക്‌സ്‌വെല്ലിനെതിരെ എല്ലാ പദ്ധതികളും പാളിയതായി സൂര്യ സമ്മതിച്ചു.
'ഗ്ലെന്‍ മാക‌്സ്‌വെല്ലിനെ എത്രയും വേഗം പുറത്താക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മാക്‌സിയെ എത്രയും വേഗം പുറത്താക്കണമെന്ന് ഞാന്‍ ഇടവേളയില്‍ സഹതാരങ്ങളോട് പറഞ്ഞു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവിശ്വസനീയമായി കളിച്ചു. വിക്കറ്റുകള്‍ കയ്യിലിരിക്കുന്നിടത്തോളം ഓസീസ് വെല്ലുവിളിയാണ് എന്ന് നമ്മള്‍ തിരുവനന്തപുരത്ത് കണ്ടതാണ്. അക്‌സര്‍ പട്ടേല്‍ പരിചയസമ്പന്നനായ താരവും മുമ്പ് 19, 20 ഓവറുകള്‍ എറിഞ്ഞിട്ടുള്ള സ്‌പിന്നറുമാണ് എന്നതിനാലാണ് ഗുവാഹത്തിയില്‍ പത്തൊമ്പതാം ഓവര്‍ അദേഹത്തെ ഏല്‍പിച്ചത്. സ്‌പിന്നര്‍ ആണെങ്കില്‍ക്കൂടിയും ഡ്യൂ-ഫാക്ടറില്‍ പരിചയമുള്ള ബൗളര്‍മാര്‍ക്ക് അവസാന ഓവറുകളില്‍ തിളങ്ങാനാകും എന്ന് കണക്കുകൂട്ടി. പദ്ധതികളെല്ലാം മാക്‌സ്‌വെല്ലില്‍ തകിടംമറിച്ചു. ഗംഭീര ഇന്നിംഗ്‌സാണ് റുതുരാജ് ഗെയ്‌ക്‌വാദില്‍ നിന്നുണ്ടായത്. അദേഹമൊരു സ്‌പെഷ്യല്‍ പ്ലെയറാണ്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്' എന്നും സൂര്യകുമാര്‍ യാദവ് മത്സര ശേഷം പറഞ്ഞു.
223 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഗുവാഹത്തി ട്വന്‍റി 20യില്‍ അഞ്ച് വിക്കറ്റിന്‍റെ ജയം അവസാന പന്തില്‍ സ്വന്തമാക്കുകയായിരുന്നു. പുറത്താവാതെ 48 പന്തില്‍ 104* റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും 16 പന്തില്‍ 28* എടുത്ത മാത്യൂ വെയ്‌ഡുമാണ് ഓസ്‌ട്രേലിയയെ ജയിപ്പിച്ചത്. അക്‌സര്‍ പട്ടേലും പ്രസിദ്ധ് കൃഷ്‌ണയും എറിഞ്ഞ അവസാന രണ്ട് ഓവറില്‍ 45 റണ്‍സ് ഇരുവരും അടിച്ചുകൂട്ടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നാം ടി20യിലെ ജയത്തോടെ ഓസീസ് 2-1ന് പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.
Read more: 68-0, ഡെത്ത് ഓവര്‍ മരണ ഓവറായി; ആ നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി പ്രസിദ്ധ് കൃഷ്‌ണയുടെ പേരില്‍
