ടെസ്റ്റുകള്‍ രണ്ടര ദിവസത്തില്‍ അവസാനിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന രൂക്ഷ വിമർശനവും ഗംഭീറിനുണ്ട്
അഹമ്മദാബാദ്: ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയുടെയും ഓസ്ട്രേലിയയുടേയും ബാറ്റർമാരെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ എങ്ങനെ കളിക്കണം എന്ന ആശങ്കയാണ് ബാറ്റർമാർക്ക്. ഇരു ടീമുകളിലേയും ഏറ്റവും മികച്ച ബാറ്റർമാർക്ക് പോലും പിച്ചുകളിലെ ടേണും ബൗണ്‍സും പിടികിട്ടാത്ത സാഹചര്യം. ഇതിനിടെ സ്പിന്നിനെ നന്നായി നേരിടുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണർ ഗൗതം ഗംഭീർ.
രോഹിത് ശർമ്മയും വിരാട് കോലിയും ചേതേശ്വർ പൂജാരയും സ്പിന്നിനെ നന്നായി കളിക്കുന്ന താരങ്ങളാണ് എന്ന് ഗംഭീർ പറയുന്നു. സ്പിന്നിനെ നേരിടുന്നതില്‍ അവർ പരാജയപ്പെടുന്ന എന്ന വിമർശനത്തെ ഗംഭീർ തള്ളിക്കളഞ്ഞു. വിരാടും പൂജാരയും കോലിയും സ്പിന്നിനെ മികച്ച നിലയില്‍ നേരിടുന്ന താരങ്ങളാണ്. അങ്ങനെ അല്ലായിരുന്നെങ്കില്‍ അവർക്ക് നൂറ് ടെസ്റ്റ് കളിക്കാനാകുമായിരുന്നില്ല(കോലിയും പൂജാരയും 100 ടെസ്റ്റ് കളിച്ചവരാണ്). പേസിനെയും സ്പിന്നിനേയും നന്നായി കളിക്കുന്നവർക്കേ ആ നാഴികക്കല്ലില്‍ എത്താനാകൂ. മത്സര ഫലങ്ങളില്‍ ഡിആർഎസ് വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ടേണിംഗ് വിക്കറ്റുകളില്‍ കളിക്കുന്നത് അംഗീകരിക്കുന്നു. എന്നാല്‍ ടെസ്റ്റ് മത്സരങ്ങള്‍ 2.5 ദിവസത്തില്‍ അവസാനിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. വാശിയേറിയ പോരാട്ടങ്ങളും ഫിനിഷിംഗുമാണ് കാണേണ്ടത്. ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ടെസ്റ്റില്‍ നാമത് കണ്ടതാണ്. രണ്ടര ദിവസത്തില്‍ അവസാനിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ വളരെ ദൈർഘ്യം കുറഞ്ഞവയാണ് എന്നും അഹമ്മദാബാദ് ടെസ്റ്റിന് മുന്നോടിയായി ഗംഭീർ വ്യക്തമാക്കി. അഹമ്മദാബാദില്‍ നാളെയാണ് ഇന്ത്യ-ഓസീസ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.
വിഖ്യാതമായ ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യ. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ദില്ലിയിലെ രണ്ടാം ടെസ്റ്റ് ആറ് വിക്കറ്റിനും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ 9 വിക്കറ്റ് ജയവുമായി ഓസീസ് പരമ്പരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകളിലും പാറ്റ് കമ്മിന്‍സിന് കീഴില്‍ ഓസീസ് തോറ്റപ്പോള്‍ പകരക്കാരന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ നായകത്വത്തിലാണ് ഇന്‍ഡോറില്‍ ഓസീസ് ജയിച്ചത്. അഹമ്മദാബാദിലും സ്മിത്ത് തന്നെയാണ് ഓസീസിനെ നയിക്കുക. അഹമ്മദാബാദ് ടെസ്റ്റ് പരമ്പരയുടെ വിധിയെഴുതും. പരമ്പരയിലെ മൂന്ന് ടെസ്റ്റുകളും 3 ദിവസത്തിനപ്പുറം നീണ്ടിരുന്നില്ല.
