വിരാട് കോലി അര്‍ധസെഞ്ചുറി നേടിയപ്പോഴുള്ള യുവതാരം ഇഷാന്‍ കിഷന്‍റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അര്‍ധസെഞ്ചുറി വഴിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഇന്ത്യയുടെ വിരാട് കോലി. ബോര്‍ഡ‍ര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദിലെ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലാണ് കോലി ഫിഫ്റ്റി തികച്ചത്. 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ 50 പിന്നിടുന്നത്. ഇതിന് മുമ്പ് 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു കോലിയുടെ ടെസ്റ്റ് ഫിഫ്റ്റി. 

വിരാട് കോലി അര്‍ധസെഞ്ചുറി നേടിയപ്പോഴുള്ള യുവതാരം ഇഷാന്‍ കിഷന്‍റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്യുകയായിരുന്നു ഇഷാന്‍. കാത്തിരിപ്പിന് ശേഷമുള്ള ഫിഫ്റ്റി കോലി വലിയ ആഘോഷമാക്കുകയും ചെയ്തു.

അഹമ്മദാബാദിലെ ഫിഫ്റ്റിയോടെ വിരാട് കോലി മറ്റൊരു നേട്ടത്തിലുമെത്തി. ടെസ്റ്റില്‍ ഇന്ത്യയില്‍ 4000 റണ്‍സ് കിംഗ് കോലി പൂർത്തിയാക്കി. ഈ നേട്ടം പൂര്‍ത്തിയാക്കുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് വിരാട് കോലി. അഹമ്മദാബാദ് ടെസ്റ്റില്‍ 480 റണ്‍സ് പിന്തുടരുന്ന ഇന്ത്യ വിരാട് കോലിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ ഒന്നാം ഇന്നിംഗ്സില്‍ 289/3 എന്ന ശക്തമായ നിലയിലാണ്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് ഇന്ത്യക്കുണ്ട്. വിരാട് കോലി 128 പന്തില്‍ 59* ഉം രവീന്ദ്ര ജഡേജ 54 പന്തില്‍ 16* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്‍(235 പന്തില്‍ 128), നായകന്‍ രോഹിത് ശ‍മ്മ(58 പന്തില്‍ 35), ചേതേശ്വര്‍ പൂജാര(121 പന്തില്‍ 42) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. 

ടെസ്റ്റ് കരിയറിലാകെ കോലിയുടെ റണ്‍സമ്പാദ്യം 108 മത്സരങ്ങളില്‍ 48.47 ശരാശരിയോടെ 8289 ആയി. 27 സെഞ്ചുറികളും ഏഴ് ഇരട്ട ശതകങ്ങളും സഹിതമാണിത്. 

കിടിലന്‍ അർധസെഞ്ചുറി; കിംഗ് കോലി എലൈറ്റ് ക്ലബില്‍