ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 61 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ഇതിനിടെ വ്യക്തിഗത സ്കോര്‍ ഏഴില്‍ നില്‍ക്കെ ഉമേഷ് യാദവിന്‍റെ പന്തില്‍ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് കൈവിട്ടിരുന്നു.

അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കത്തിനുശേഷം ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡിന്‍റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഹെഡ് 44 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായി. അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സോടെഉസ്മാന്‍ ഖവാജയും മൂന്ന് റണ്‍സോടെ മാര്‍നസ് ലാബുഷെയ്നും ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 61 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ഇതിനിടെ വ്യക്തിഗത സ്കോര്‍ ഏഴില്‍ നില്‍ക്കെ ഉമേഷ് യാദവിന്‍റെ പന്തില്‍ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് കൈവിട്ടിരുന്നു. ഇതിന് ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് കരുതിയപ്പോഴാണ് അശ്വിന്‍ ഹെഡിനെ മടക്കിയത്. ലൈഫ് ലഭിച്ചശേഷം തകര്‍ത്തടിച്ച ഹെഡ് ഉമേഷ് യാദവിനെതിരെയും മുഹമ്മദ് ഷമിക്കെതിരെയും തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി സ്കോര്‍ ഉയത്തി. ഒമ്പതാം ഓവറില്‍ തന്നെ അശ്വിനെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനമാണ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചത്.

ബാറ്റിംഗില്‍ മാത്രമല്ല, കീപ്പിംഗിലും പിഴച്ച് ഭരത്, കൈവിട്ടത് ട്രാവിസ് ഹെഡിന്‍റെ അനായാസ ക്യാച്ച്

പതിമൂന്നാം ഓവറില്‍ 50 റണ്‍സ് പിന്നിട്ട ഓസീസ് മികച്ച അടിത്തറയിട്ടെങ്കിലും പതിനാറാം ഓവറില്‍ ഹെഡിനെ മടക്കി അശ്വിന്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്.

ഓസീസ് ഇന്‍ഡോര്‍ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങിയത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലുകള്‍ തുറക്കൂ.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.