സൂര്യകുമാര്‍ യാദവ് ടെസ്റ്റ് കളിക്കാന്‍ യോഗ്യന്‍, പിന്തുണച്ച് സച്ചിന്‍; നാഗ്‌പൂരില്‍ സ്‌കൈയുടെ അരങ്ങേറ്റം?
സൂര്യകുമാര്‍ യാദവ് ടെസ്റ്റ് അരങ്ങേറ്റം കളിക്കുമോ എന്ന ആകാംക്ഷ മൂത്തിരിക്കേ താരത്തിന് പിന്തുണയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

നാഗ്‌പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ ഇതുവരെ തീരുമാനമായിട്ടില്ല. നാഗ്‌പൂര്‍ വേദിയാകുന്ന മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യകുമാര്‍ യാദവ് ടെസ്റ്റ് അരങ്ങേറ്റം കളിക്കുമോ എന്ന ആകാംക്ഷ മൂത്തിരിക്കേ താരത്തിന് പിന്തുണയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒപ്പം ശുഭ്‌മാന്‍ ഗില്ലിനെയും ചേതേശ്വര്‍ പൂജാരയേയും പ്രശംസിക്കുന്നുമുണ്ട് ഇതിഹാസ താരം.
'ട്വന്‍റി 20 ടീമിലും ഏകദിനത്തിലും എത്തിയ ശേഷം ടെസ്റ്റ് സ്‌ക്വാഡില്‍ ഇടംപിടിച്ച് സൂര്യകുമാര്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സൂര്യയെ പിന്തുടരുന്ന ഏതൊരാളും അയാളുടെ കഴിവിനെ സ്നേഹിക്കും. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാകാന്‍ പോവുകയാണ്. ടെസ്റ്റ് കളിക്കാന്‍ ഉചിതനായി മാറിയിരിക്കുകയാണ് സൂര്യ. സൂര്യയെ പോലെ കഴിവുള്ള ഒരാളെ കെ എല്‍ രാഹുലിനും ശുഭ്‌മാന്‍ ഗില്ലിനുമൊപ്പം പരിഗണിക്കണം. മൂവരും കഴിവുള്ള താരമാണ്. പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഒരു തീരുമാനം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മൂന്ന് താരങ്ങളും പ്ലേയിംഗ് ഇലവനില്‍ എത്താന്‍ അര്‍ഹരാണ്. ടീം കോംപിനേഷന്‍ സംബന്ധിച്ച് അഭിപ്രായപ്പെടുന്നില്ല. എന്നാല്‍ സമീപകാലം പരിഗണിച്ചാല്‍ ഗില്‍ ഫോമിലാണ്. രാഹുലിന് അധികം റണ്‍സ് സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം ഉയര്‍ച്ച താഴ്‌ചകളുണ്ടാകും. രണ്ട് പേരും പക്ഷേം ഗംഭീര താരങ്ങളാണ്, ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ അര്‍ഹരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിരാട് കോലിയുടെ മത്സരം ഏറെ ആകര്‍ഷകമാണ്. എന്താണ് ചെയ്യേണ്ടത് എന്ന് അദേഹത്തിന് വ്യക്തമായി അറിയാം'- സച്ചിന്‍ വ്യക്തമാക്കി.
സച്ചിന്‍-വോണ്‍ പോര് പോലെ...
ലിയോണ്‍-കോലി പോലുള്ള വൈരികള്‍ ക്രിക്കറ്റില്‍ വേണം. 1998ല്‍ ഓസീസ് പര്യടനത്തിന് എത്തിയപ്പോള്‍ അത് സച്ചിന്‍-വോണ്‍ പോരായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഞാന്‍ എല്ലാവരോടും പറയുമായിരുന്നു സച്ചിന്‍-വോണ്‍ പോരല്ല, ഇത് ഇന്ത്യ-ഓസീസ് മത്സരമാണ്. എന്നാല്‍ എല്ലാവരും ഇത്തരം വ്യക്തിഗത പോരാട്ടങ്ങള്‍ ഇഷ്‌ടപ്പെടുന്നു എന്നും സച്ചിന്‍ വ്യക്തമാക്കി. നൂറാം ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ചേതേശ്വര്‍ പൂജാരയെ സച്ചിന്‍ പ്രശംസിച്ചു. പൂജാരയുടെ നേട്ടങ്ങള്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ ടീമില്‍ അദേഹത്തിന്‍റെ പ്രധാന്യവും വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
നാഗ്‌പൂരില്‍ വേണ്ടത് ഒരൊറ്റ വിക്കറ്റ്; ഒന്നിലധികം റെക്കോര്‍ഡുകള്‍ കടപുഴക്കി എറിയാന്‍ അശ്വിന്‍