പാകിസ്ഥാനും ഓസ്ട്രേലിയയും കട്ടയ്‌ക്ക്; ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്താന്‍ ഇന്ത്യക്ക് മുന്നില്‍ ഈ വഴികള്‍
ഏഷ്യാ കപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും പുരുഷന്‍മാരുടെ ഐസിസി ഏകദിന റാങ്കിംഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് പാകിസ്ഥാൻ തന്നെയാണ്

മൊഹാലി: ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് ക്രിക്കറ്റിന് എത്തുന്നത് ആരായിരിക്കും. നിലവിൽ ഒന്നാമതുള്ള പാകിസ്ഥാനോ, അതോ ഇന്ത്യയോ ഓസ്ട്രേലിയയോ. ഇന്ന് തുടങ്ങുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര ഇതിന് ഉത്തരം നൽകും.
ഏഷ്യാ കപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും പുരുഷന്‍മാരുടെ ഐസിസി ഏകദിന റാങ്കിംഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് പാകിസ്ഥാൻ തന്നെയാണ്. 114.88 പോയിൻറുമായാണ് തലപ്പത്ത് പാകിസ്ഥാന്‍റെ നില്‍പ്. രണ്ടാമത് ടീം ഇന്ത്യയും മൂന്നാമത് ഓസ്ട്രേലിയയുമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പര സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഓസ്ടേലിയ മുന്നിലെത്തിയേനെ. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിന് മുന്നില്‍ അടിപതറിയ ഓസീസ് 2-3ന് പരമ്പര കൈവിട്ടു. ഇതോടെ ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പര ഒന്നാംസ്ഥാനക്കാരെ തീരുമാനിക്കും. ടീമുകളുടെ സാധ്യത എങ്ങനെയെന്ന് പരിശോധിക്കാം.
ഇന്നേ ഒന്നാമതെത്താം
മൊഹാലിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസീസിനെ തോൽപ്പിച്ചാൽ ഇന്ത്യ ഒന്നാമതാകും. ഒന്നാംസ്ഥാനം നിലനിർത്തണമെങ്കിൽ 3 മത്സരങ്ങളുള്ള പരമ്പര 2-1നെങ്കിലും ഇന്ത്യ സ്വന്തമാക്കുകയും വേണം. ഇന്ത്യക്കെതിരെ 3-0ന്‍റെ വൈറ്റ് വാഷ് ഓസ്ട്രേലിയ സ്വന്തമാക്കുകയാണെങ്കിൽ ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം കംഗാരുപ്പടയ്ക്ക് സ്വന്തമാകും. 2-1ന്‍റെ പരമ്പര ജയമാണ് ഓസീസിനെങ്കിൽ നേട്ടം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനാകും. ഒന്നാം സ്ഥാനം ബാബർ അസമിനും കൂട്ടർക്കും നഷ്‌ടമാകില്ല. ഇന്ത്യ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തും തുടരും.
അതിനാൽ, ഓസീസിനെതിരായ പരമ്പര ജയത്തോടെ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരെന്ന ആത്മവിശ്വാസത്തോടെ ലോകകപ്പിന് എത്തുകയാണ് രോഹിത്ത് ശർമ്മയുടെയും സംഘത്തിന്‍റേയും ലക്ഷ്യം. അടുത്ത മാസം അഞ്ചിനാണ് ഇന്ത്യ വേദിയാകുന്ന ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാവുക.
Read more: കങ്കാരു പരീക്ഷയ്ക്ക് നീലപ്പട, ഇന്ത്യ- ഓസീസ് ആദ്യ ഏകദിനം ഇന്ന്; തല്‍സമയം കാണാന്‍ പതിവ് വഴി അല്ല!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം