അഹമ്മദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന് ശേഷമാണ് പുറംവേദനയുള്ളതായി ശ്രേയസ് അയ്യർ പരാതിപ്പെടുന്നത്

അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ അഹമ്മദാബാദിലെ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റർ ശ്രേയസ് അയ്യർ ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ സാധ്യത കുറവെന്ന് വാർത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോർട്ട്. അയ്യരെ ഇന്ന് സ്കാനിംഗിന് വിധേയനാക്കി. താരത്തിന് അഹമ്മദാബാദ് ടെസ്റ്റിന്‍റെ നാലാം ദിനം കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മാർച്ച് 17ന് മുംബൈയിലാണ് ഓസീസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

അഹമ്മദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന് ശേഷമാണ് പുറംവേദനയുള്ളതായി ശ്രേയസ് അയ്യർ പരാതിപ്പെടുന്നത്. അയ്യർ സ്കാനിംഗിന് പോകുമെന്നും മെഡിക്കല്‍ സംഘം താരത്തിന്‍റെ ആരോഗ്യം നിരീക്ഷിക്കുമെന്നും ബിസിസിഐ പിന്നാലെ വ്യക്തമാക്കിയിരുന്നു. അയ്യർക്ക് പരിക്കേറ്റതോടെ ഓസീസിനെതിരെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ നാലാം ദിനം രവീന്ദ്ര ജഡേജ പുറത്തായതിന് ശേഷം കെ എസ് ഭരതാണ് ബാറ്റിംഗിന് ഇറങ്ങിയത്. അയ്യർക്ക് പിന്നീട് ക്രീസിലെത്താനായില്ല. ശ്രേയസ് അയ്യരുടെ സ്കാനിംഗ് റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകുവയുള്ളൂ.

പുറംവേദന കാരണം നാഗ്‍പൂരിലെ ആദ്യ ടെസ്റ്റ് ശ്രേയസ് അയ്യർക്ക് നഷ്ടമായിരുന്നു. ഇതിന് ശേഷം ദില്ലി ടെസ്റ്റിലൂടെയാണ് താരം ടീമിലേക്ക് മടങ്ങി വന്നത്. വീണ്ടും പരിക്കേറ്റതോടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ചികില്‍സാ മികവ് എത്രത്തോളമെന്നത് ചോദ്യം ചെയ്യപ്പെടുകയാണ്. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കപ്പെടും മുമ്പ് അയ്യരെ കളിപ്പിക്കുകയായിരുന്നോ എന്ന സംശയം ഉയരുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമില്‍ ദൈർഘ്യമേറിയ ചികില്‍സയും പരിശീലനവും പൂർത്തിയാക്കിയാണ് അയ്യർ ദില്ലി ടെസ്റ്റിനെത്തിയത്. എന്നാല്‍ തിരിച്ചുവരവിലെ മൂന്നാം മത്സരത്തില്‍ തന്നെ സമാന പരിക്ക് അയ്യരെ പിടികൂടിയിരിക്കുന്നു. സമാനമായി ഏറെനാള്‍ എന്‍സിഎയിലുണ്ടായിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയേയും തുടർ പരിക്കുകള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 

അഹമ്മദാബാദിലും ക്രൈസ്റ്റ് ചർച്ചിലും എന്താകും ഫലം; ചങ്കിടിപ്പോടെ ഇന്ത്യയും ശ്രീലങ്കയും, ആരെത്തും ഫൈനലില്‍