മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കേറ്റ് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായതോടെ ലാന്‍സ് മോറിസ് പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്

സിഡ്‌നി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ വജ്രായുധത്തെ ഇറക്കാനൊരുങ്ങി ഓസ്ട്രേലിയ. 150 കിലോമീറ്റര്‍ വേഗത്തില്‍ അനായാസം പന്തെറിയുന്ന അതിവേഗക്കാരന്‍ ലാന്‍സ് മോറിസിനെ നാഗ്‌പൂര്‍ ടെസ്റ്റില്‍ കളിപ്പിച്ചേക്കും. 

മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കേറ്റ് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായതോടെ ലാന്‍സ് മോറിസ് പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ്, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവരെ പോലെ അതിവേഗം കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ പോന്ന താരമാണ് മോറിസ്. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഷെഫീല്‍ഡ് ഷീള്‍ഡിലും ബിഗ്‌ബാഷ് ലീഗിലും ശ്രദ്ധിക്കപ്പെട്ട താരമാണ്. നിലവിലെ ഓസീസ് സ്‌ക്വാഡില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മാത്രമാണ് മോറിസിനോളം വേഗമുള്ളത്. മികച്ച ബൗണ്‍സ് ലഭിക്കുന്ന താരമാണ് എന്നതിനാല്‍ മോറിസ് പരമ്പരയിലെ എക്‌സ് ഫാക്‌ടറാവും എന്ന് ഓസീസ് വിശ്വസിക്കുന്നു. ബിഗ് ബാഷ് ലീഗില്‍ സ്‌കോര്‍ച്ചേര്‍സിനായാണ് മോറിസ് കളിക്കുന്നത്. നാഗ്‌പൂരിലേക്ക് തിരിക്കും മുമ്പ് ബെംഗളൂരുവില്‍ ഓസീസ് ടീം പരിശീലനം നടത്താനിടയുണ്ട്. 

ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. 2017ല്‍ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-2ന് തോറ്റ ശേഷം ഓസീസ് ആദ്യമായാണ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരുന്നത്. ഇതിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് നടത്തിയ രണ്ട് പര്യടനവും ഇന്ത്യന്‍ ടീം വിജയിച്ചിരുന്നു. ലോകത്തെ മികച്ച ബാറ്റിംഗ്-ബൗളിംഗ് നിരകള്‍ തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ പ്രതീക്ഷിക്കുന്നത്. പരമ്പരയ്ക്കായി മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നതായും നാഗ്‌‌പൂര്‍ ടെസ്റ്റായിരിക്കും ഇന്ത്യയില്‍ കളിക്കാന്‍ എനിക്ക് ഏറ്റവും ഉചിതമായ അവസരം എന്നും ലാന്‍സ് മോറിസ് പറയുന്നു. 

ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. 

ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനം; സ്റ്റാര്‍ പേസര്‍മാര്‍ കളിക്കില്ല, സൂചന നല്‍കി രോഹിത് ശര്‍മ്മ