'ഭീഷണി ഷമി, രോഹിത്തിനെയും കോലിയേയും പൂട്ടും, എന്തും നേരിടാന്‍ ഓസീസ് തയ്യാര്‍'; വെല്ലുവിളിച്ച് കമ്മിന്‍സ്
മുഹമ്മദ് ഷമിയുടെ ഫോം ഓസ്‌ട്രേലിയന്‍ ടീമിന് ഫൈനലില്‍ കനത്ത ഭീഷണിയാണ് എന്ന് കമ്മിന്‍സ് തുറന്നുസമ്മതിച്ചു

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ മുന്നറിയിപ്പ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എല്ലാ വെല്ലുവിളികളും നേരിടാന്‍ ഓസ്‌ട്രേലിയന്‍ ടീം തയ്യാറാണെന്നും രോഹിത് ശര്‍മ്മയെയും വിരാട് കോലിയേയും തളയ്‌ക്കാന്‍ തന്ത്രങ്ങള്‍ ഒരുങ്ങിയതായും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം മുഹമ്മദ് ഷമിയുടെ ഫോം ഭീഷണിയാണ് എന്ന് കമ്മിന്‍സ് തുറന്നുസമ്മതിച്ചു.
'അവസാന മത്സരങ്ങളില്‍ പേസർമാർ മികവിലേക്ക് ഉയർന്നത് ഫൈനലില്‍ ഗുണം ചെയ്യും. ടൂർണമെന്‍റിൽ നേടിയ വിജയങ്ങൾ ടീം അംഗങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. പരിചയസമ്പത്തും ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കരുത്താണ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ നെടുംതൂണുകളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്‌ക്കുമായി ചില തന്ത്രങ്ങൾ തയ്യാറാണ്. ടൂര്‍ണമെന്‍റില്‍ ആറ് മത്സരങ്ങളില്‍ 23 വിക്കറ്റുമായി കുതിക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഞങ്ങള്‍ക്ക് വെല്ലുവിളിയാണ്. സ്വന്തം രാജ്യത്ത് തയ്യാറാക്കിയ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമാവും. പക്ഷേ അത്തരം സാഹചര്യങ്ങളെല്ലാം മറികടക്കാൻ ഓസീസ് സുസജ്ജമാണ്' എന്നും കമ്മിന്‍സ് ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. 2003ലെ കലാശപ്പോരിലേറ്റ തിരിച്ചടിക്ക് പലിശ സഹിതം പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനലിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മത്സരത്തിന് മുന്നോടിയായി ഇരു ടീമും ഇന്ന് അവസാനവട്ട പരിശീലനത്തിന് ഇറങ്ങും. ഫൈനലിനുള്ള ഒഫീഷ്യല്‍സിനെ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് കെറ്റിൽബറോയും റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തുമാണ് ഫീല്‍ഡ് അംപയര്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിന്‍റെ ജോയൽ വിൽസൻ മൂന്നാം അംപയറും സിംബാബ്‌വെയുടെ ആന്‍ഡി പൈക്രോഫ്റ്റ് നാലാം അംപയറുമാകും.
ശക്തമാണ് ഓസ്ട്രേലിയന്‍ സ്‌ക്വാഡ്. ഡേവിഡ് വാര്‍ണറും ട്രാവിഡ് ഹെഡും ആദ്യ 10 ഓവറില്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം കങ്കാരുക്കള്‍ക്ക് നിര്‍ണായകമാകും. മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത് എന്നിവരുടെ ഫോമും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും ജോഷ് ഇംഗ്ലിസിന്‍റെയും ഫിനിഷിംഗും നിര്‍ണായകമാകും. ടൂര്‍ണമെന്‍റില്‍ ഷമിക്ക് പിന്നില്‍ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ സ്‌പിന്നര്‍ ആദം സാംപയും നായകന്‍ പാറ്റ് കമ്മിന്‍സിനൊപ്പം ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പേസാക്രമണവും ഓസീസിന് കരുത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം