ഇത് തല പോകുന്ന ഫൈനല്‍; കപ്പടിച്ചാല്‍ രോഹിത് ഇതിഹാസങ്ങള്‍ക്കൊപ്പം, പലരുടെയും വായടപ്പിക്കാന്‍ പാറ്റ് കമ്മിൻസും
കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ആദ്യ ഏകദിന വിശ്വകിരീടം മോഹിച്ചാണ് രോഹിത് ശര്‍മ്മ ഇറങ്ങുന്നത്

അഹമ്മദാബാദ്: ഇതിഹാസ നായകന്മാരുടെ പട്ടികയിൽ ഇടം പിടിക്കാനാണ് രോഹിത് ശര്‍മ്മയും പാറ്റ് കമ്മിൻസും ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത്. ചരിത്ര നേട്ടത്തിലേക്ക് ഒറ്റ ജയത്തിന്‍റെ ദൂരം മാത്രമാണ് ഇരു ക്യാപ്റ്റന്‍മാര്‍ക്കുമുള്ളത്. ഏകദിന ലോകകപ്പ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത്തിന് കൈയകലത്തില്‍ നില്‍ക്കുന്നു.
കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ആദ്യ ഏകദിന വിശ്വകിരീടം മോഹിച്ചാണ് രോഹിത് ശര്‍മ്മ ഇറങ്ങുക. 2007ലെ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിര്‍ണായക കണ്ണിയായെങ്കിലും 2011 ഏകദിന ലോകകപ്പ് ടീമിൽ രോഹിത്തിന് ഇടമില്ലായിരുന്നു. സ്ഥിരതയില്ലെന്ന പേരിൽ തഴയപ്പെട്ട രോഹിത് ശര്‍മ്മ പിന്നീട് ശക്തമായി തിരിച്ചുവന്നു. ഏകദിന ക്രിക്കറ്റിലെ ഇതിഹാസ ബാറ്റര്‍മാരില്‍ ഒരാളായി ഹിറ്റ്‌മാന്‍ മാറുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. റൺപ്രവാഹത്തിലൂടെ ലോകകപ്പിലെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരിലൊരാളായും രോഹിത് വളര്‍ന്നു. എന്നാല്‍ ഐപിഎല്ലിലും ഏഷ്യാകപ്പിലും നായകനായി വിജയക്കൊടി പാറിച്ചെങ്കിലും രോഹിത്തിന് പൂര്‍ണതയിലെത്താൻ ലോകകപ്പ് കിരീടത്തിന്‍റെ തിളക്കം വേണം.
പിന്നാലെ വരുന്നവർക്ക് സമ്മർദം ഇല്ലാതെ ബാറ്റ് വീശാൻ ടീം ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കം നൽകുന്ന ഓപ്പണറായ രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റന്‍ തന്ത്രങ്ങളിലും കേമനാണ്. രോഹിത്തിന്‍റെ പഴുതടച്ച ഫീൽഡിംഗ് വിന്യാസവും കളിയുടെ ഗതിക്കനുസരിച്ച് കൃത്യമായി ബൗളർമാരെ പന്തേൽപിക്കുന്നതും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയാണ്. ഇക്കുറി തോൽവി അറിയാത്ത ഏക നായകനായ രോഹിത്തിന് ഫൈനലിലും ഒന്നും പിഴയ്ക്കില്ലെന്ന് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു.
അലൻ ബോര്‍ഡര്‍, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നീ ഇതിഹാസ നായകന്മാരെ കണ്ടവരാണ് ഓസ്ട്രേലിയക്കാര്‍. പതിവ് വിട്ട് ബൗളറായ പാറ്റ് കമ്മിൻസിന് നായക പദവി നൽകിയപ്പോൾ സംശയം പ്രകടിപ്പിച്ചവരാണ് ഏറെയും. ഇതിനെല്ലാം ഒരു കിരീടത്തിലൂടെ മറുപടി നല്‍കാനാണ് കമ്മിൻസ് ഇറങ്ങുന്നത്. ബൗളറെങ്കിലും കമ്മിൻസിന്‍റെ ബാറ്റിംഗ് കരുത്തും ലോകം ഇത്തവണ കണ്ടു. അഫ്ഗാനിസ്ഥാനെതിരെ മാക്സ്‍വെല്ലിന് താങ്ങായതും സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതി ജയം സമ്മാനിച്ചതും ആരും മറക്കില്ല. 2015 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നെങ്കിലും കമ്മിൻസ് ഫൈനൽ കളിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ കമ്മിൻസിനെ കാത്തിരിക്കുന്നതും ഒരര്‍ഥത്തില്‍ ആദ്യ ഏകദിന ലോകകപ്പ് നേട്ടാണ്.