ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പുതിയ പിച്ചിൽ അല്ല ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ നടക്കുക

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും കളത്തിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ടൂര്‍ണമെന്‍റില്‍ അഹമ്മദാബാദിൽ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്‌തവരാണ് വിജയിച്ചത് എന്നത് ടോസില്‍ പ്രതിഫലിക്കുമോ എന്ന് കാത്തിരുന്നറിയണം. ശക്തമായ വ്യക്തിഗത പോരാട്ടങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കാം. ബാറ്റിംഗില്‍ കോലി അല്ല, ടീം ഇന്ത്യക്ക് നിര്‍ണായകമാകാന്‍ പോകുന്നത് രോഹിത് ശര്‍മ്മയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബൗളിംഗില്‍ പവര്‍പ്ലേയില്‍ രോഹിത്തിന്‍റെ പദ്ധതികളില്‍ മാറ്റം വന്നേക്കും. 

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പുതിയ പിച്ചിൽ അല്ല ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ നടക്കുക. കഴിഞ്ഞ മാസം 14ന് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന വിക്കറ്റാണ് കലാശപ്പോരിനായി ഉപയോഗിക്കുന്നത്. അന്ന് പിച്ചിന് ഐസിസി നൽകിയത് ശരാശരി റേറ്റിഗ് മാത്രമായിരുന്നു. അഹമ്മദാബാദിലെ ഫൈനലിലും സ്‌പിന്നര്‍മാര്‍ക്ക് നിര്‍ണായക റോൾ ഉണ്ടാകുമെന്നാണ് പിച്ചിലെ പ്രവചനം. അധികം ബൗണ്‍സും പ്രതീക്ഷിക്കുന്നില്ല. അഹമ്മദാബാദിൽ ആദ്യം ബാറ്റ് ചെയ്‌ത ടീമിന്‍റെ ശരാശരി സ്കോര്‍ 251 റൺസാണെങ്കില്‍ ചെപ്പോക്കിന് പുറമേ ടൂര്‍ണമെന്‍റില്‍ ഒരു ടീമും 300 കടക്കാത്ത വേദിയെന്ന പ്രത്യേകതയും നരേന്ദ്ര മോദി സ്റ്റേഡിയത്തിനുണ്ട്. ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ലോകകപ്പില്‍ കളിച്ച ഏക മത്സരം ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു. ഫൈനലിന് അശ്വിനെ പരിഗണിക്കാന്‍ സമ്മര്‍ദമുണ്ടെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തിൽ മൂന്ന് പേസര്‍മാര്‍ അടങ്ങിയ സ്ഥിരം ടീമിനെ തന്നെ പ്രതീക്ഷിക്കാം.

അതേസമയം മാര്‍നസ് ലബുഷെയ‌്‌ന് പകരം മാര്‍ക്കസ് സ്റ്റോയിനിസിനെ ഉൾപ്പെടുത്തണോ എന്നതിലാകും ഓസ്ട്രേലിയൻ ക്യാംപിലെ ചര്‍ച്ചകൾ. എന്നാൽ ബാറ്റിംഗ് ദുഷ്‌കരമായേക്കാവുന്ന പിച്ചിൽ ലബുഷെയ്‌ന് തന്നെ നറുക്കുവീണേക്കും. പവര്‍പ്ലേയിലാകും ഇരു ടീമുകളും തമ്മില്‍ നിര്‍ണായക പോരാട്ടം. ഈ ലോകകപ്പിലെ കണക്കിൽ ഇന്ത്യക്ക് നേരിയ മേൽക്കൈയുണ്ട്. ആദ്യ 10 ഓവറില്‍ ഇന്ത്യയുടെ റൺസ് ശരാശരി 6.87 ഉം ഓസ്‌ട്രേലിയയുടെത് 6.55 ഉം ആണ്. ബൗളിംഗിലും ആതിഥേയര്‍ക്ക് നേരിയ മേൽക്കൈയുണ്ട്. ഇന്ത്യൻ ബൗളര്‍മാര്‍ ആദ്യ 10 ഓവറില്‍ ശരാശരി 4.34 റൺസ് മാത്രം വഴങ്ങുമ്പോള്‍ ഓസീസ് വിട്ടുകൊടുക്കുന്നത് 4.75 റൺസാണ്.

ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ ശക്തമായ വ്യക്തിഗത പോരാട്ടം പ്രതീക്ഷിക്കാം. വിരാട് കോലിക്കെതിരെ പേസര്‍ ജോഷ് ഹേസല്‍വുഡായേക്കാം ഓസീസിന്‍റെ തുറുപ്പുചീട്ട്. അവസാന ആറ് ഏകദിനങ്ങളില്‍ അഞ്ചിലും കോലിയുടെ വിക്കറ്റ് ഹേസല്‍വുഡിനായിരുന്നു. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് പൊതുവേ ഇന്ത്യൻ ബൗളിംഗ് തുടങ്ങിയതെങ്കിലും ഇടംകൈയന്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഉളളതിനാൽ മുഹമ്മദ് ഷമിക്ക് ന്യൂബോൾ നൽകാനും സാധ്യതയുണ്ട്. ഈ ലോകകപ്പിൽ ഇടംകയ്യന്മാര്‍ക്കെതിരെ 52 പന്തില്‍ 8 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. അവസാന മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനൊപ്പം വിജയം നിന്നതാണ് ചരിത്രം. ട്വന്‍റി 20 ലോകകപ്പുകളിലാകട്ടേ അവസാന നാല് ഫൈനലുകളിലും ആദ്യം ബാറ്റ് ചെയ്ത ടീം തോറ്റു. 

ഈ വര്‍ഷത്തെ ഏകദിനങ്ങളില്‍ ആദ്യ 10 ഓവറില്‍ ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനാണ് മേൽക്കൈ. ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചൽ മാര്‍ഷ് എന്നിവരുടെ സ്ട്രൈക്ക് റേറ്റ് ശരാശരി 125 ആണ്. ഇന്ത്യൻ ക്യാംപില്‍ തുടക്കത്തിൽ തകര്‍ത്തടിക്കേണ്ട ചുമതല നായകന്‍ രോഹിത് ശര്‍മ്മയ്ക്കാണ്. ലോകകപ്പിലെ ആദ്യ 10 ഓവറില്‍ 88.5 ബാറ്റിംഗ് ശരാശരിയിൽ ഇന്ത്യൻ നായകൻ 354 റൺസ് സ്വന്തമാക്കി. സ്ട്രൈക്ക് റേറ്റ് 133 ഉണ്ടെന്നതും ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഗതി ഹിറ്റ്‌മാന്‍ തീരുമാനിക്കും എന്നതിന് തെളിവാണ്. 

Read more: കപ്പില്‍ മുത്തം കാത്ത് 140 കോടി ജനത, ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം; ഇന്ത്യ-ഓസീസ് ഫൈനല്‍ ഉച്ചയ്‌ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം