കഴിഞ്ഞ മത്സരത്തില്‍ ഹരിയാനക്കെതിരായ മത്സരത്തില്‍ മുംബൈക്കായി സെഞ്ചുറി നേടിയ ജയ്സ്വാളിന് പക്ഷെ രാജസ്ഥാനെതിരെ ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.

മുംബൈ: മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പൂനെയില്‍ മുഷ്താഖ് അലി സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ മുംബൈ രാജസ്ഥാനെ തോല്‍പിച്ചതിന് പിന്നാലെയാണ് ജയ്സ്വാളിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദിത്യ ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയ്സ്വാളിനെ അള്‍ട്രാ സൗണ്ട് സ്കാന്‍, സിടി സ്കാന്‍ തുടങ്ങിയ തുടര്‍പരിശോധനകള്‍ക്ക് വിധേയനാക്കി.

പരിശോധനയില്‍ ജയ്സ്വാളിന് കുടല്‍വീക്കമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സുഖമില്ലാതിരുന്നിട്ടും രാജസ്ഥാനെതിരെ ഫീല്‍ഡ് ചെയ്യാനും ബാറ്റ് ചെയ്യാനും ജയ്സ്വാള്‍ ഇറങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹരിയാനക്കെതിരായ മത്സരത്തില്‍ മുംബൈക്കായി സെഞ്ചുറി നേടിയ ജയ്സ്വാളിന് പക്ഷെ രാജസ്ഥാനെതിരെ ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. 16 പന്ത് നേരിട്ട് 15 റണ്‍സെടുത്ത് പുറത്തായ ജയ്സ്വാള്‍ പൊതുവെ അസ്വസ്ഥതയോടെയാണ് ക്രീസില്‍ നിന്നത്.

മത്സരത്തില്‍ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ അജിങ്ക്യാ രഹാനെയുടെയും സര്‍ഫറാസ് ഖാന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ മൂന്ന വിക്കറ്റ് ജയം നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്കായി സെഞ്ചുറി നേടിയ ജയ്സ്വാളിനെ ടി20 ടീമിലേക്ക് പരിഗണിക്കാത്തതിനാല്‍ അടുത്തൊന്നും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനാവില്ല.

ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് ജയ്സ്വാളിനെ നിലവില്‍ ഇന്ത്യൻ ടീമിലേക്ക് ഓപ്പണറായി പരിഗണിക്കുന്നത്. ടി20യില്‍ മികച്ച ഹിറ്ററാണെങ്കിലും വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയാണ് അഭിഷേക് ശര്‍മക്കൊപ്പം ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക