ഐപിഎല്ലിലെ ഗംഭീര ഫോം തുടരാനാണ് വിരാട് കോലി ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അങ്കത്തിന് ഇറങ്ങുക

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ വേദിയായ ഓവലിലെ സാഹചര്യം വിരാട് കോലിക്ക് അനുയോജ്യമെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. കലാശപ്പോരിന് മുമ്പ് ഓസീസ് കനത്ത മുന്നറിയിപ്പ് നല്‍കുന്നതാണ് ചാപ്പലിന്‍റെ ഈ വാക്കുകള്‍. 

ഐപിഎല്ലിലെ ഗംഭീര ഫോം തുടരാനാണ് വിരാട് കോലി ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അങ്കത്തിന് ഇറങ്ങുക. ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് മത്സരം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തുടര്‍ച്ചയായ സെഞ്ചുറികള്‍ നേടിയ കിംഗ് കോലി ഫോം തുടര്‍ന്നാല്‍ ഇന്ത്യ റണ്‍മഴ പെയ്യിക്കും ഓവലില്‍ എന്നാണ് ആരാധകരുടെ പ്രതീക്ഷ. മുപ്പത്തിനാലുകാരനായ കോലിക്ക് റണ്‍ കൊയ്യാന്‍ പറ്റുന്ന സാഹചര്യമാണ് ഓവലിലേക് എന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ വിലയിരുത്തുന്നു. 'മുമ്പ് ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഉള്‍പ്പടെയുള്ള പേസര്‍മാര്‍ മികച്ച ലൈനിലും ലെങ്‌തിലും പന്തെറിഞ്ഞ് കോലിയെ പ്രതിരോധത്തിലാക്കിയിരുന്നു. കോലിയാണ് മികച്ച ബാറ്റര്‍ എന്ന് അവര്‍ക്കറിയാമായിരുന്നു, അതിന് അനുസരിച്ച് അവര്‍ പന്തെറിഞ്ഞു. എന്നാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇംഗ്ലീഷ് താരങ്ങളോളം ഇംഗ്ലണ്ടിലെ സാഹചര്യം അറിയില്ല' എന്നും ചാപ്പല്‍ പറഞ്ഞു. 

'ഓസ്‌ട്രേലിയക്ക് എതിരെ ബാറ്റ് ചെയ്യുന്നത് ഇഷ്‌ടപ്പെടുന്നയാളാണ് വിരാട് കോലി. അത് നമ്മള്‍ ഓസ്‌ട്രേലിയയില്‍ കണ്ടിട്ടുണ്ട്. കോലിയുടെ റെക്കോര്‍ഡ് അത് തെളിയിക്കുന്നു. ഓവലിലെ പിച്ച് ബൗണ്‍സ് ചെയ്യാനാണ് സാധ്യത. അത് വിരാട് കോലിക്ക് ഉചിതമാകും. ഓവലില്‍ വരണ്ട കാലാവസ്ഥയാണെങ്കില്‍ അത് കോലിക്ക് അനുയോജ്യമാണ്. മാനസികമായി കോലി ഒരുങ്ങിയെങ്കില്‍ റണ്‍സ് കണ്ടെത്തും എന്നുറപ്പാണ്. അത്രത്തോളം മികച്ച താരമാണ് കോലി'യെന്ന് മുന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ഓവലില്‍ ജൂണ്‍ ഏഴാം തിയതാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ആരംഭിക്കുക. 

Read more: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം പ്രത്യേക റബ്ബര്‍ ബോളില്‍! എന്തുകൊണ്ട്?