ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യും എന്നാണ് ശാസ്‌ത്രിയുടെയും അക്രത്തിന്‍റേയും പക്ഷം
ലണ്ടന്‍: ഐപിഎല്‍ കഴിഞ്ഞ് വരികയാണ് എന്നതിനാല്‍ ഇന്ത്യന്‍ ടീമിന് മേല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ മേല്‍ക്കൈ ഓസ്ട്രേലിയക്കുണ്ട് എന്ന ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗിന്‍റെ വാക്കുകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയും പാക് ബൗളിംഗ് ഇതിഹാസം വസീം അക്രവും. കഠിനമായ ഐപിഎല്‍ കഴിഞ്ഞ് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ക്ഷീണിതരായിരിക്കും എന്ന പോണ്ടിംഗിന്‍റെ നിരീക്ഷണം ഇരുവരും ശരിവെച്ചില്ല. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യും എന്നാണ് ശാസ്‌ത്രിയുടെയും അക്രത്തിന്‍റേയും പക്ഷം.
'ഒരു താരമെന്ന നിലയില്‍ എപ്പോഴും മത്സരങ്ങള്‍ കളിക്കണം എന്ന നിലപാടാണ് എനിക്ക്. ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റ് ഒരു ഘടകം ഒന്നുമല്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലൊരു വലിയ അങ്കത്തിന് മുമ്പ് ഒരു പരമ്പരയോ ഐപിഎല്‍ പോലൊരു ടൂര്‍ണമെന്‍റോ കളിക്കാന്‍ ഞാനിഷ്‌ടപ്പെടുന്നു. അത് താരങ്ങളുടെ പ്രകടനം മികച്ചതാക്കും' എന്നാണ് വസീം അക്രമിന്‍റെ വാക്കുകള്‍. അതേസമയം ഓവലില്‍ ഫേവറൈറ്റുകള്‍ ഓസ്ട്രേലിയയാണ് എന്ന് അക്രം വ്യക്തമാക്കി. എന്നാല്‍ കടലാസില്‍ ഓസ്ട്രേലിയയാണ് കരുത്തരെങ്കിലും ഫിറ്റനസും ഫോമും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീം ശക്തമാണ് എന്നായിരുന്നു രവി ശാസ്‌ത്രിയുടെ വാക്കുകള്‍. ഐപിഎല്‍ 2023 സീസണില്‍ പര്‍പിള്‍ ക്യാപ് സ്വന്തമാക്കിയ പേസര്‍ മുഹമ്മദ് ഷമിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ശാസ്‌ത്രിയുടെ വാദം. ന്യൂബോളില്‍ എതിരാളികള്‍ക്ക് വലിയ നാശമുണ്ടാക്കാന്‍ ഷമിക്ക് കഴിയും എന്ന് ശാസ്‌ത്രി പറഞ്ഞു. ജസ്‌പ്രീത് ബുമ്രയുടെ അസാന്നിധ്യത്തില്‍ ഷമിയാകും ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുന എന്ന് ശാസ്‌ത്രി സൂചിപ്പിച്ചു.
ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. പന്ത്രണ്ടാം തിയതി ഫൈനലിനുള്ള റിസര്‍വ് ദിനമാണ്. ഇന്ത്യ നിലവിലെ ഫൈനലിസ്റ്റുകളാണ്. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കൈവിട്ട കിരീടം സ്വന്തമാക്കാനാണ് രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റ് കിരീടത്തോടെ പുതിയ സീസണ് തുടക്കമിടാനാണ് പാറ്റ് കമ്മിന്‍സിന്‍റെ ഓസീസ് ഇറങ്ങുക.
Read more: ഐപിഎല്‍ ബാധിക്കുമെന്ന വിമര്‍ശനങ്ങള്‍; ചുട്ട മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ
