ഓവലിലെ പിച്ചിന്‍റെ ചിത്രം തെളിഞ്ഞതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിന്‍റെ കാര്യത്തിലും ഏകദേശ ചിത്രം വ്യക്തമാവുകയാണ്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇരു ടീമിലേയും ബാറ്റര്‍മാരുടെ നെഞ്ചില്‍ എരിതീ കയറ്റി പിച്ചിന്‍റെ ഏറ്റവും പുതിയ ചിത്രം. ഫൈനലിന് മുന്നോടിയായി മൂടുന്നതിന് മുമ്പ് പുറത്തുവിട്ട ചിത്രം പ്രകാരം ഓവലില്‍ പുല്ലുള്ള പിച്ചാണ് കലാശപ്പോരിനായി തയ്യാറാക്കിയിരിക്കുന്നത്. ഇരു ടീമിലേയും പേസര്‍മാര്‍ക്ക് ആറാടാനുള്ള അവസരമാണ് ഓവലില്‍ ഒരുങ്ങുന്നത് എന്നാണ് പിച്ച് നല്‍കുന്ന വ്യക്തമായ സൂചന. രണ്ട് ദിവസം മുമ്പ് കമന്‍റേറ്റര്‍ ദിനേശ് കാര്‍ത്തിക് ഏറെ പുല്ലുള്ള പിച്ചിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്നലെയായപ്പോള്‍ അല്‍പം പുല്ല് വെട്ടിമാറ്റിയതായി ഡികെ ട്വിറ്ററിലൂടെ പുതിയ വിവരം അറിയിച്ചു. ഇതിനോട് സാമ്യമുള്ള പിച്ചിന്‍റെ ചിത്രമാണ് മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ പുറത്തുവന്നിരിക്കുന്നത്. 

ഓവലിലെ പിച്ചിന്‍റെ ചിത്രം തെളിഞ്ഞതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിന്‍റെ കാര്യത്തിലും ഏകദേശ ചിത്രം വ്യക്തമാവുകയാണ്. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ഉമേഷ് യാദവിനും ഒപ്പം നാലാം പേസറായി ഷര്‍ദ്ദുല്‍ താക്കൂര്‍ ടീമിലേക്ക് എത്താനാണ് സാധ്യത. താക്കൂറിന് ഏറെ സ്വിങും മൂവ്‌മെന്‍റും ഓവലിലെ പിച്ചില്‍ ലഭിക്കാനിടയുണ്ട്. ഇതോടെ പ്ലേയിംഗ് ഇലവനില്‍ ഒരൊറ്റ സ്‌പിന്നറെ മാത്രമേ ഇന്ത്യന്‍ ടീമിന് കളിപ്പിക്കാനാകൂ. ബാറ്റിംഗ് കരുത്ത് കൂട്ടണം എന്ന് ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചാല്‍ രവിചന്ദ്രന്‍ അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജയ്‌ക്കാവും ഇലവനില്‍ അവസരം ലഭിക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, യുവതാരം ശുഭ്‌മാന്‍ എന്നിവര്‍ ഓപ്പണറായി തുടരുമ്പോള്‍ പരിചയസമ്പന്നരായ ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എസ് ഭരതാണ് പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യത. 

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഷര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. 

Read more: രോഹിത് ശര്‍മ്മയ്‌ക്ക് ഫോമില്ലായ്‌മ എന്നോ; വിമര്‍ശകരുടെ വായടപ്പിച്ച് കോലി, ഹിറ്റ്‌മാന് വന്‍ പിന്തുണ