ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍പേരാകുമോ മായങ്ക് അഗര്‍വാള്‍. ടെസ്റ്റില്‍ വെറും 12 ഇന്നിംഗ്‌സില്‍ നിന്ന് രണ്ട് ഡബിള്‍ സെഞ്ചുറിയുമായി കുതിക്കുകയാണ് ഓപ്പണറായ മായങ്ക്. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിലും മായങ്കിന്‍റെ ബാറ്റ് തിളങ്ങിയപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡിനാണ് വലിയ ഭീഷണിയായത്. എന്നാല്‍ തലനാരിഴയ്‌ക്ക് റെക്കോര്‍ഡ് തകര്‍ന്നില്ല. 

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരകളില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ എന്ന ചരിത്രനേട്ടത്തിനരികെയാണ് മായങ്ക് എത്തിയത്. സച്ചിന്‍ 2004/05 സീസണില്‍ ധാക്കയില്‍ 248 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇന്‍ഡോറില്‍ മായങ്ക് 243ല്‍ മടങ്ങി. 2016/17 സീസണില്‍ ഹൈദരാബാദില്‍ 204 റണ്‍സ് നേടിയ വിരാട് കോലിയാണ് മൂന്നാമത്.

ഇന്‍ഡോറില്‍ 303 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാള്‍ പുറത്താകുമ്പോള്‍ 330 പന്തില്‍ 243 റണ്‍സ് നേടിയിരുന്നു. മായങ്ക് 28 ഫോറും എട്ട് സിക്‌സുകളുമാണ് ഇതിനിടെ പറത്തിയത്. ബംഗ്ലാ സ്‌പിന്നര്‍ മെഹിദി ഹസനെ സിക്‌സറിന് പായിച്ച് വീരു സ്റ്റൈലിലായിരുന്നു മായങ്ക് 200 തികച്ചത്. 

മായങ്കിന്‍റെ ബാറ്റിംഗ് മികവില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് 493 റണ്‍സെന്ന വമ്പന്‍ സ്‌കോറിലാണ്. ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യക്ക് ഇതിനകം 343 റണ്‍സിന്‍റെ ലീഡായി. അര്‍ധ സെഞ്ചുറികള്‍ നേടിയ അജിങ്ക്യ രഹാനെ(86), ചേതേശ്വര്‍ പൂജാര(54), രവീന്ദ്ര ജഡേജ(60*) എന്നിവരുടെ ബാറ്റിംഗും നിര്‍ണായകമായി. ജഡേജക്കൊപ്പം ഉമേഷ് യാദവാണ്(25*) ക്രീസില്‍. രോഹിത് ശര്‍മ്മ(6), വിരാട് കോലി(0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.