ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യദിനം താരമായത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. മൂന്ന് വിക്കറ്റുമായി ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയപ്പോള്‍ ഷമിയുടെ ഒരു മിന്നല്‍ ഇന്‍ സ്വിങറുമുണ്ടായിരുന്നു. ബംഗ്ലാ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഷ്‌ഫീഖുര്‍ റഹീമാണ് ഇത്തരത്തില്‍ പുറത്തായത്. 

അഞ്ചാമനായിറങ്ങി 105 പന്തില്‍ 43 റണ്‍സെടുത്ത് നില്‍ക്കവെ ഷമിയുടെ ഒന്നാന്തരമൊരു ഇന്‍ സ്വിങറില്‍ റഹീമിന്‍റെ വിക്കറ്റ് തെറിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് വിക്കറ്റിലേക്ക് ചരിഞ്ഞുകയറുകയായിരുന്നു. ബംഗ്ലാ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററെ ആണ് ഷമി സുന്ദരമായി മടക്കിയത്. നാല് ബൗണ്ടറിയും ഒരു സിക്‌സും താരം ഇതിനിടെ പറത്തിയിരുന്നു. 

ഷമിയും ഉമേഷും ഇശാന്തും അശ്വിനും ആഞ്ഞടിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 150 റണ്‍സില്‍ പുറത്തായിരുന്നു. ഷമി മൂന്നും ഇശാന്തും ഉമേഷും അശ്വിനും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. 13 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി മൂന്ന് പേരെ പുറത്താക്കിയത്. ചായക്ക് പിരിയും മുന്‍പ് മുഷ്‌ഫീഖുറിനെയും മെഹ്‌ദി ഹസനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തിയിരുന്നു ഷമി.