ഇന്ത്യന്‍ ടീം വിയര്‍ക്കുകയാണെങ്കിലും രണ്ടാം ദിനം അവസാന സെഷനിലെ ജൂരെലിന്‍റെ പോരാട്ടം ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ടിന്‍റെ മനംകവര്‍ന്നു
റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ടീം ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സ് പിന്തുടരുന്ന ഇന്ത്യ ഇതിനകം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ 219 റണ്‍സേ നേടാനായിട്ടുള്ളൂ. മൂന്ന് വിക്കറ്റ് മാത്രം കയ്യിലിരിക്കേ 134 റണ്‍സ് പിന്നിലാണ് ടീം ഇന്ത്യ നിലവില്‍. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെലിനൊപ്പം സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ക്രീസില്‍. ഇന്ത്യന്‍ ടീം വിയര്‍ക്കുകയാണെങ്കിലും രണ്ടാം ദിനം അവസാന സെഷനിലെ ജൂരെലിന്‍റെ പോരാട്ടം ഇംഗ്ലീഷ് ഇതിഹാസ ബാറ്റര്‍ ജോ റൂട്ടിന്‍റെ മനംകവര്‍ന്നു.
'ധ്രുവ് ജൂരെല്‍ വളരെ കഴിവുള്ള താരമാണ്. നന്നായി ബാറ്റ് ചെയ്യുന്ന അദേഹം മത്സരത്തിന്‍റെ മറ്റൊരു തലം കാട്ടിത്തരുന്നു. അദേഹം വളരെ പ്രതിഭാശാലിയാണെങ്കിലും ഏറെ സ്കോര്‍ അടിച്ചുകൂട്ടരുത് എന്ന് ഒരു ഇംഗ്ലീഷ് താരം എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നുമാണ് റാഞ്ചിയിലെ രണ്ടാം ദിന മത്സര ശേഷം ജോ റൂട്ടിന്‍റെ വാക്കുകള്‍. ഇംഗ്ലണ്ടിന്‍റെ 353 റണ്‍സിനെതിരെ ഇന്ത്യ 73 ഓവറില്‍ 219-7 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ധ്രുവ് ജൂരെലും കുല്‍ദീപ് യാദവിലും മാത്രമാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷ. ജൂരെല്‍ 58 പന്തില്‍ 30* ഉം, കുല്‍ദീപ് 72 പന്തില്‍ 17* റണ്‍സുമായാണ് പുറത്താവാതെ ക്രീസില്‍ നില്‍ക്കുന്നത്.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ അര്‍ധസെഞ്ചുറി മാത്രമാണ് രണ്ടാം ദിനം വലിയ പ്രതീക്ഷയായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 9 പന്തില്‍ 2 ഉം, ശുഭ്‌മാന്‍ ഗില്‍ 65 പന്തില്‍ 38 ഉം, രജത് പാടിദാര്‍ 42 പന്തില്‍ 17 ഉം, രവീന്ദ്ര ജഡേജ 12 പന്തില്‍ 12 ഉം, സര്‍ഫറാസ് ഖാന്‍ 53 പന്തില്‍ 14 ഉം, രവിചന്ദ്രന്‍ അശ്വിന്‍ 13 പന്തില്‍ 1 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ യശസ്വി ജയ്സ്വാള്‍ 117 ബോളില്‍ 73 റണ്‍സ് എടുത്തു. നാല് വിക്കറ്റുമായി സ്പിന്നര്‍ ഷൊയ്‌ബ് ബഷീറും രണ്ട് പേരെ മടക്കി ടോം ഹാര്‍ട്‌ലിയുമാണ് ഇന്ത്യക്ക് ഭീഷണിയായത്. വെറ്ററന്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റ് നേടി.
Read more: ഐപിഎല്ലിന് ഒരു മാസം ബാക്കി, മുട്ടന്‍ പണികിട്ടി രാജസ്ഥാന്‍ റോയല്‍സ്; ഹോം ഗ്രൗണ്ട് പൂട്ടി
