ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിനെ പ്രശംസ കൊണ്ട് മൂടുകയാണ് സുനില്‍ ഗവാസ്‌കര്‍

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായഅഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലീഷ് സീനിയര്‍ താരം ജോ റൂട്ടിന്‍റെ റിവേഴ്സ് സ്‌കൂപ്പ് ഷോട്ടുകളെ ഇന്ത്യ ഭയപ്പെടണം എന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. സമീപകാലത്ത് റൂട്ടിന്‍റെ ഈ ഷോട്ട് പരീക്ഷണം ബൗളര്‍മാര്‍ക്ക് തലവേദനയായിരുന്നു. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിനെ പ്രശംസ കൊണ്ട് മൂടുകയാണ് സുനില്‍ ഗവാസ്‌കര്‍. ജോ റൂട്ട് അയാളുടെ ശൈലിയില്‍ കളിക്കുകയാണ്. 'ടെസ്റ്റില്‍ റൂട്ട് ഇപ്പോള്‍ റിഴേസ് സ്കൂപ്പുകള്‍ കളിക്കുന്നു. വളരെ ഓര്‍ത്തഡോക്‌സായ ബാറ്ററായ റൂട്ടില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്ന കാര്യമല്ല. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റൂട്ട് റിവേഴ്സ് സ്കൂപ്പിംഗ് ഷോട്ടുകള്‍ കളിക്കുന്നു. ഒരു ബാറ്റര്‍ ഇത്രയേറെ ആത്മവിശ്വാസത്തോടെ റിവേഴ്സ് സ്കൂപ്പ് വഴി സിക്സ് പറത്തുന്നുണ്ടെങ്കില്‍ അയാളെ എതിരാളികള്‍ ഭയക്കേണ്ടിയിരിക്കുന്നു' എന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

ഹൈദരാബാദില്‍ ജനുവരി 25നാണ് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഫെബ്രുവരി 2ന് വിശാഖപട്ടണം, 15ന് രാജ്കോട്ട്, 23ന് റാഞ്ചി, മാര്‍ച്ച് 7ന് ധരംശാല എന്നിവിടങ്ങളില്‍ മറ്റ് മത്സരങ്ങള്‍ തുടങ്ങും. കുടുംബപരമായ കാരണങ്ങള്‍ മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്ക് പരമ്പരയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ വച്ച് അവസാനം നടന്ന 2020–21 ടെസ്റ്റ് പരമ്പരയില്‍ ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ചിട്ടും തോല്‍വിയോടെ (1-3) മടങ്ങാനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിധി. 

ഇംഗ്ലണ്ട് സ്ക്വാഡ്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജയിംസ് ആൻഡേഴ്സൺ, ഗസ് അറ്റ്കിൻസൺ, ജോണി ബെയ്ർസ്റ്റോ (വിക്കറ്റ് കീപ്പർ), ഷോയിബ് ബഷീർ, സാക്ക് ക്രോളി, ബെൻ ഡക്കെറ്റ്, ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), ടോം ഹാർട്‌ലി, ജാക്ക് ലീച്ച്, ഒലി പോപ്പ്, ഒലി റോബിൻസൺ, ജോ റൂട്ട്, മാർക്ക് വുഡ്, ഡാന്‍ ലോറന്‍സ്.

Read more: കാത്തിരിപ്പ് അധികം നീളില്ല, ഐപിഎൽ തിയതി തീരുമാനമായി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് അറിഞ്ഞ ശേഷം- റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം