എന്തായിരിക്കും ഇന്ത്യന്‍ സ്റ്റാർ പേസറായ ബുമ്രയില്‍ നിന്ന് പ്രസിദ്ധ് പഠിച്ചെടുത്തിട്ടുണ്ടാവുക? 

ബെംഗളൂരു: ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രതീക്ഷ നല്‍കുന്ന രണ്ട് ബൗളിംഗ് തിരിച്ചുവരവുകളാണ് പേസർമാരായ ജസ്പ്രീത് ബുമ്രയുടെയും പ്രസിദ്ധ് കൃഷ്ണയുടേയും. നീണ്ടകാലത്തെ പരിക്കിന് ശേഷം ഇരുവരും അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയിലൂടെ തിരിച്ചെത്തുകയായിരുന്നു. മടങ്ങിവരവില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും ഇവർക്കായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബുമ്രയും പ്രസിദ്ധും ഒരുമിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഈ സമയത്ത് എന്തായിരിക്കും ഇന്ത്യന്‍ സ്റ്റാർ പേസറായ ബുമ്രയില്‍ നിന്ന് പ്രസിദ്ധ് പഠിച്ചെടുത്തിട്ടുണ്ടാവുക? 

'എന്‍സിഎയില്‍ ജസ്പ്രീത് ബുമ്രക്ക് ഒപ്പമുള്ള പരിശീലനം ഏറെ സഹായകമാകുന്നതായിരുന്നു. സമ്മർദ ഘട്ടങ്ങളില്‍ എങ്ങനെ പന്തെറിയണം എന്നുള്ളതും കാര്യങ്ങളെ ലളിതമായി കാണുന്നതും ബുമ്രയില്‍ നിന്ന് മനസിലാക്കി. രണ്ട് പേരും പരസ്പരം ഏറെ കാര്യങ്ങള്‍ പഠിച്ചെടുത്തു. ഞങ്ങളുടെ ആ കൂട്ടുകെട്ട് ഇതിനകം ഫലമുണ്ടാക്കിയിട്ടുണ്ട്' എന്നും അയർലന്‍ഡിനെതിരായ ട്വന്‍റി 20കളിലെ പ്രകടനം ചൂണ്ടിക്കാട്ടി പ്രസിദ്ധ് കൃഷ്ണ പറഞ്ഞു. 'ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ സെഷനുകള്‍ ഏറെ ഫലമുണ്ടാക്കുന്നതാണ്. ശാരീരികവും മാനസികവുമായ ഫിറ്റ്നസ് വേണ്ടതിന്‍റെ ആവശ്യം അത് കാണിച്ചുതന്നു' എന്നും പ്രസിദ്ധ് കൂട്ടിച്ചേർത്തു. സ്ലോഗ് ഓവറുകളില്‍ സമ്മർദം അതിജീവിച്ച് ഏറ്റവും നന്നായി പന്തെറിയുന്ന ഇന്ത്യന്‍ പേസറായ ബുമ്രയില്‍ നിന്ന് പഠിച്ചെടുത്ത തന്ത്രങ്ങള്‍ ഏഷ്യാ കപ്പില്‍ പ്രസിദ്ധിന് സഹായകമാകും.

അയർലന്‍ഡിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പര 2-0ന് ഇന്ത്യ വിജയിച്ചപ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം നിർണായകമായിരുന്നു. ഇതോടെയാണ് താരം ഏഷ്യാ കപ്പിനുള്ള സ്ക്വാഡില്‍ ഇടംപിടിച്ചത്. പരമ്പരയില്‍ ബുമ്രയും പ്രസിദ്ധും നാല് വീതം വിക്കറ്റ് നേടി. മൂന്നാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പ്രസിദ്ധിന്‍റെ കന്നി രാജ്യാന്തര ടി20 പരമ്പരയായിരുന്നു ഇത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ് ബൈ).

Read more: മുന്‍കൂര്‍ ജാമ്യമെടുക്കലോ... ലോകകപ്പ് ഫേവറൈറ്റുകള്‍ മിത്ത് മാത്രമെന്ന് രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം