IND vs NZ : അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച്; ശ്രേയസ് അയ്യര്‍ എലൈറ്റ് പട്ടികയില്‍
ടെസ്റ്റ് അരങ്ങേറ്റം കളറാക്കി ശ്രേയസ് അയ്യര്‍ കളിയിലെ താരം. തേടിയെത്തിയത് അപൂര്‍വ പട്ടികയില്‍ ഇടം.

കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റിന്‍റെ അപാര സൗന്ദര്യം നിറഞ്ഞുനിന്ന മത്സരമായിരുന്നു ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ്(India vs New Zealand 1st Test). ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത് അരങ്ങേറ്റം മത്സരം അരങ്ങാക്കി മാറ്റിയ ശ്രേയസ് അയ്യരായിരുന്നു(Shreyas Iyer). ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ എലൈറ്റ് പട്ടികയില്‍ ശ്രേയസിന് ഇടംപിടിക്കാനായി.
ടെസ്റ്റ് അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍. പൃഥ്വി ഷാ(2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ), രോഹിത് ശര്‍മ്മ(2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ), ശിഖര്‍ ധവാന്‍(2013ല്‍ ഓസ്‌ട്രേലിയക്കെതിരെ), രവിചന്ദ്ര അശ്വിന്‍(2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ), ആര്‍പി സിംഗ്(2006ല്‍ പാകിസ്ഥാനെതിരെ), പ്രവീണ്‍ ആംറെ(1992ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ) എന്നിവരാണ് മുമ്പ് അരങ്ങേറ്റ ടെസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാര്‍.
കാണ്‍പൂര്‍ ടെസ്റ്റില്‍ 105, 65 എന്നിങ്ങനെ സ്‌കോര്‍ കണ്ടെത്തിയ ശ്രേയസ് അയ്യര്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന ആദ്യ ഇന്ത്യന്‍ എന്ന നേട്ടത്തിലെത്തിയിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ മൂന്നക്കം കാണുന്ന 16-ാം ഇന്ത്യന്‍ താരവുമായി ശ്രേയസ്. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി. ദില്‍വാര്‍ ഹുസൈനും സുനില്‍ ഗാവസ്‌കറുമാണ് മുന്‍ഗാമികള്‍.
അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനമാണ് ശ്രേയസിനുള്ളത്. ശിഖര്‍ ധവാന്‍(187), രോഹിത് ശര്‍മ്മ(177), ശ്രേയസ് അയ്യര്‍(170) എന്നിങ്ങനെയാണ് റെക്കോര്‍ഡ് ബുക്കിലെ സ്ഥാനക്രമം.
ശ്രേയസ് തിളങ്ങിയ മത്സരത്തില്‍ ഒരു വിക്കറ്റ് അകലെ കാൺപൂരിൽ ഇന്ത്യക്ക് ജയം നഷ്‌ടമായി. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും കിണഞ്ഞ് ശ്രമിച്ചിട്ടും 9 വിക്കറ്റേ വീണുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്‌ടമായ ശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്‌പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചുനിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങി. സ്കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9.