ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദ് മാച്ച് ഹര്‍ഷല്‍ പട്ടേലായിരുന്നു

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ റാഞ്ചി ടി20യില്‍(IND vs NZ 2nd T20I) മാന്‍ ഓഫ് ദ് മാച്ച് പ്രകടനം പുറത്തെടുത്ത അരങ്ങേറ്റ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ(Harshal Patel) പ്രശംസ കൊണ്ടുമൂടി റോബിന്‍ ഉത്തപ്പ(Robin Uthappa). ഡെത്ത് ഓവര്‍ സ്ഥാനം പരിഗണിച്ചാല്‍ ജസ്‌പ്രീത് ബുമ്രയ്‌ക്കൊപ്പം(Jasprit Bumrah) പരിഗണിക്കേണ്ട താരമാണ് ഹര്‍ഷല്‍ എന്നാണ് ഉത്തപ്പയുടെ പ്രശംസ. സമ്മര്‍ദ ഘട്ടത്തില്‍ അവിസ്‌മരണീയമായാണ് അദേഹം പന്തെറിയുന്നത് എന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദ് മാച്ച് അരങ്ങേറ്റ മത്സരം കളിച്ച പേസര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ താരം 25 റണ്‍സ് വിട്ടുകൊടുത്ത് ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നീ നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തി. പവര്‍പ്ലേക്ക് ശേഷം ഏഴാം ഓവറിലാണ് ഹര്‍ഷൽ ബൗളിംഗിനെത്തിയത്. ഐപിഎല്‍ പതിനാലാം സീസണില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായാണ് ഹര്‍ഷല്‍ ഇന്ത്യന്‍ ടീമിലെത്തിയത്.

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് ഹര്‍ഷല്‍ വിട്ടുകൊടുത്തത്. തൊട്ടു മുമ്പ് എറിഞ്ഞ 17-ാം ഓവറിലാവട്ടെ ആദ്യ പന്തില്‍ സിക്‌സറും തൊട്ടടുത്ത ബോളില്‍ നോബോളും വിട്ടുകൊടുത്ത ശേഷം ഗ്ലെന്‍ ഫിലിപ്‌സിനെ മടക്കി തിരിച്ചടിച്ചു. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവികളെ 153ല്‍ എന്ന സ്‌കോറില്‍ ഇന്ത്യ തളച്ചത് ഹര്‍ഷല്‍ പട്ടേലിന്‍റെ ഡെത്ത് ഓവര്‍ ബൗളിംഗ് കൂടിയായിരുന്നു. 

ഇന്ത്യക്ക് ജയം, പരമ്പര

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന് ജയിച്ച് രോഹിത് ശര്‍മ്മയും കൂട്ടരും പരമ്പര സ്വന്തമാക്കി. കിവീസിന്‍റെ 153 റൺസ് ഇന്ത്യ 16 പന്ത് ശേഷിക്കേ മറികടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 117 റണ്‍സ് ചേര്‍ത്ത രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ഇന്ത്യക്ക് ശക്തമായ അടിത്തറ പാകിയത്. രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും ഉൾപ്പടെ 65 റണ്‍സെടുത്തു. കിവികളെ പൊരിച്ച രോഹിത് അഞ്ച് സിക്‌സറടക്കം 36 പന്തിൽ 55 ഉം നേടി. സൂര്യകുമാർ യാദവ് ഒന്നിൽ വീണെങ്കിലും 12 റൺസ് വീതമെടുത്ത് വെങ്കടേഷ് അയ്യരും റിഷഭ് പന്തും ഇന്ത്യൻ ജയം അനായാസമാക്കി. ഇന്ത്യയുടെ മൂന്ന് വിക്കറ്റും ടിം സൗത്തിക്കായിരുന്നു. 

അതേസമയം ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 153 റണ്‍സെടുത്തത്. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ടോപ്സ്കോറർ. അരങ്ങേറ്റക്കാരൻ ഹർഷൽ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ഭുവനേശ്വർ കുമാറിനും ദീപക് ചഹറിനും അക്സർ പട്ടേലിനും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റും ലഭിച്ചു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച കൊൽക്കത്തയിൽ നടക്കും.

IND vs NZ | വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മ്മ; രോഹിത്-രാഹുല്‍ വെടിക്കെട്ടില്‍ റെക്കോര്‍ഡുകളുടെ പെരുമഴ