Asianet News MalayalamAsianet News Malayalam

IND v NZ : അവിശ്വസനീയം! കൈയകലെ ഇന്ത്യക്ക് ജയം നഷ്ടം, തടിതപ്പി കിവീസ്; കാണ്‍പൂര്‍ ടെസ്റ്റില്‍ നാടകീയ സമനില

ടിം സൗത്തിയെ രവീന്ദ്ര ജഡേജ പുറത്താക്കുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ഓരോ പന്തിലും വിക്കറ്റിനുള്ള സാധ്യതകള്‍ അടച്ച രചിന്‍ രവീന്ദ്ര 91 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 23 പന്തുകള്‍ പ്രതിരോധിച്ച അജാസ് പട്ടേല്‍ മികച്ച പിന്തുണയുമായി ക്രീസില്‍ നിന്നു.

IND vs NZ :New Zealand hold on for thrilling draw, despite Ashwin Jadeja heroics
Author
kanpur, First Published Nov 29, 2021, 4:49 PM IST

കാണ്‍പൂര്‍: ആവേശം അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍((India vs New Zealand 1st Test) ) ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് വീരോചിത സമനില. ഒമ്പത് വിക്കറ്റ് നഷ്ടമായശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം(Ajaz Patel) ഒമ്പതോവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചു നിന്ന രചിന്‍ രവീന്ദ്രയാണ്(Rachin Ravindra) കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങി. സ്കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9.

ടിം സൗത്തിയെ(Tim Southee) രവീന്ദ്ര ജഡേജ(Ravindra Jadeja) പുറത്താക്കുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ഓരോ പന്തിലും വിക്കറ്റിനുള്ള സാധ്യതകള്‍ അടച്ച രചിന്‍ രവീന്ദ്ര 91 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 23 പന്തുകള്‍ പ്രതിരോധിച്ച അജാസ് പട്ടേല്‍ മികച്ച പിന്തുണയുമായി ക്രീസില്‍ നിന്നു. അശ്വിനും ജഡേജയും അക്സറും പല തന്ത്രങ്ങളും പയറ്റിയിട്ടും ബാറ്റര്‍മാര്‍ക്ക് ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി അജിങ്ക്യാ രഹാനെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും കിവീസ് വീണില്ല. 52 പന്തുകളാണ് അവസാന വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്ന് പ്രതിരോധിച്ചത്. അവസാന നിമിഷം വെളിച്ചക്കുറവും ഇന്ത്യക്ക് മുന്നില്‍ വില്ലനായപ്പോള്‍ വിജയം കൈയകലെ ഇന്ത്യക്ക് നഷ്ടമായി.

മുട്ടി നിന്നു, ചായക്കുശേഷം മുട്ടുകുത്തി

ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്. രണ്ട് റൺസുമായി ടോം ലാഥവും റൺസൊന്നും എടുക്കാതെ സോമർവില്ലുമായിരുന്നു ക്രീസിൽ. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിനെ രവിചന്ദ്ര അശ്വിന്‍ എല്‍ബിയില്‍ നാലാം ദിനം പിരിയുമ്പോള്‍ കുടുക്കിയിരുന്നു. ഒൻപത് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ 280 റൺസ് തേടി അവസാന ദിവസം ഇറങ്ങിയ കിവികളെ ആദ്യ സെഷനില്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ കിവീസ് 79 റണ്‍സിലെത്തി.

എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ സോമര്‍വില്ലിനെ പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സോമര്‍വില്ലും ലാഥമും ചേര്‍ന്നുള്ള 76 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇതോടെ അവസാനിച്ചത്. പിന്നാലെ ടോം ലാഥം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരിക്കല്‍ക്കൂടി അശ്വിന്‍റെ പന്ത് ഇന്ത്യക്ക് രക്ഷയ്‌ക്കെത്തി. 52 റണ്‍സുമായി ലാഥം ബൗള്‍ഡ്. കെയ്‌ന്‍ വില്യംസണിനൊപ്പം പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ച റോസ് ടെയ്‌ലറെ(2) ജഡേജ മടക്കിയതോടെ മത്സരം ചായക്ക് പിരിഞ്ഞു. ഇതോടെ അവസാന സെഷന്‍ ത്രില്ലറായി.

വിജയത്തിനരികെ കൈവിട്ടു

പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നിട്ടും അവസാന സെഷനില്‍ രവീന്ദ്ര ജഡേജയുടെ ബൗളിംഗാണ് ഇന്ത്യയെ വിജയത്തിനരികിലെത്തിച്ചത്. അവസാന സെഷനില്‍ ഹെന്‍റി നിക്കോള്‍സിനെ(1) അക്സര്‍ പട്ടേലും ടോം ബ്ലണ്ടലിനെ(2) അശ്വിനും മടക്കിയപ്പോള്‍ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചു. പ്രതിരോധിച്ചു നിന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ(24) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ ഇന്ത്യ ജയമുറപ്പിച്ചു. എന്നാല്‍ രചിന്‍ രവീന്ദ്ര ആദ്യം കെയ്ല്‍ ജയ്മിസണെ(30 പന്തില്‍ 5) കൂട്ടുപിടിച്ച് ഇന്ത്യന്‍ ജയം വൈകിപ്പിച്ചു. ജയ്മിസണെയും പിന്നാലെ ടിം സൗത്തിയെയും(4) ജഡേജ പുറത്താക്കിയതോടെ ഇന്ത്യ വിജയത്തിനരികെ എത്തി. എന്നാല്‍ അജാസ് പട്ടേല്‍ അപ്രതീക്ഷിത ചെറുത്തു നില്‍പ്പ് നടത്തുകയും രചിന്‍ രവീന്ദ്ര ഒരറ്റം കാക്കുകയും ചെയ്തതോടെ ഇന്ത്യ വിജയം കൈവിട്ടു.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ മൂന്നും അക്സറും ഉമേഷും ഓരോ വിക്കറ്റും വീഴ്ത്തി. ഡിസംബര്‍ മൂന്നു മുതല്‍ മുംബൈയിലാണ് രണ്ടാം ടെസ്റ്റ്.

Follow Us:
Download App:
  • android
  • ios