ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും തിളങ്ങിയിട്ടുള്ള താരമാണ് രജത് പടിദാര്‍

ഹൈദരാബാദ്: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തിന് മുമ്പേ ടീം ഇന്ത്യക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയില്‍ കളിക്കാനാവില്ല എന്ന് ബിസിസിഐ അറിയിച്ചുകഴിഞ്ഞു. ശ്രേയസിന് പകരക്കാരനായി രജത് പടിദാറാണ് സ്‌ക്വാഡിലേക്ക് വരുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം പുറത്തെടുത്താണ് ശ്രേയസിന്‍റെ വരവ്. 

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും തിളങ്ങിയിട്ടുള്ള താരമാണ് രജത് പടിദാര്‍. 2015ലായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായി കളിക്കുന്ന താരം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമാണ്. മുമ്പും ഏകദിന സ്‌ക്വാഡില്‍ അവസരം ലഭിച്ചെങ്കിലും അരങ്ങേറാനായിരുന്നില്ല. 2022ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലായിരുന്നു താരം ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ രജതിന്‍റെ റോള്‍ മോഡല്‍. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി എട്ട് മത്സരങ്ങളില്‍ 333 റണ്‍സ് നേടി. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും സഹിതം 55.50 ആയിരുന്നു ബാറ്റിംഗ് ശരാശരി. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ എലിമിനേറ്ററില്‍ മത്സരത്തില്‍ 54 പന്തില്‍ 112 റണ്‍സുമായി തിളങ്ങി. പിന്നാലെ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 58 റണ്‍സ് നേടി. ഈ ഫോം രഞ്ജി ട്രോഫിയിലും താരം തുടര്‍ന്നിരുന്നു. രഞ്ജി ഫൈനലില്‍ മധ്യപ്രദേശിനായി സെഞ്ചുറി നേടിയ താരം ബാറ്റര്‍മാരില്‍ 658 റണ്‍സുമായി രണ്ടാമതെത്തി. 

ഇന്ത്യ എ അരങ്ങേറ്റത്തിലും മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. ന്യൂസിലന്‍ഡ് എയ്ക്കെതിരെ നാല് ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറി സഹിതം 106.33 ശരാശരിയില്‍ 319 റണ്‍സ് അടിച്ചുകൂട്ടി. ആദ്യ ഏകദിനത്തില്‍ 45 പന്തില്‍ 41 റണ്‍സുമായി ഇന്ത്യ എയുടെ ടോപ് സ്‌കോററായി. 

ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ആരെയൊക്കെ കളിപ്പിക്കും; ഏകദിന ഫോര്‍മാറ്റില്‍ തലപുകച്ച് ടീം ഇന്ത്യ