IND vs NZ : കാണ്‍പൂര്‍ പിച്ചിന് കയ്യടിച്ച് രാഹുല്‍ ദ്രാവിഡ്; ഒരൊറ്റ നിരാശ മാത്രം
കാൺപൂരിലെ വിക്കറ്റ് തയ്യാറാക്കിയ ക്യൂറേറ്റർ ശിവ് കുമാറിന് ദ്രാവിഡ് പാരിതോഷികമായി 35000 രൂപ നൽകിയിരുന്നു

കാൺപൂർ: ന്യൂസിലന്‍ഡിനെതിരായ കാൺപൂർ ടെസ്റ്റിന്‍റെ(India vs New Zealand 1st Test) അഞ്ചാം ദിനം സ്‌പിന്നർമാർക്ക് പിച്ചിൽ നിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള പിന്തുണ കിട്ടിയിട്ടില്ലെന്ന് ഇന്ത്യൻ പരിശീലകന്‍ രാഹുൽ ദ്രാവിഡ്(Rahul Dravid). അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യരുടെ(Shreyas Iyer) ബാറ്റിംഗ് പ്രകടനം അത്ഭുതപ്പെടുത്തിയില്ലെന്നും ദ്രാവിഡ് പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും നേടിയ ശ്രേയസിന്‍റെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് സംവിധാനത്തിന്‍റെ മികവും കരുത്തുമാണ് തെളിയിക്കുന്നതെന്നാണ് ദ്രാവിഡിന്‍റെ വാക്കുകള്‍.
കാൺപൂരിലെ വിക്കറ്റ് തയ്യാറാക്കിയ ക്യൂറേറ്റർ ശിവ് കുമാറിന് ദ്രാവിഡ് പാരിതോഷികമായി 35000 രൂപ നൽകി. ബാറ്റര്‍മാരെയും ബൗളര്‍മാരേയും ഒരുപോലെ തുണക്കുന്ന, അഞ്ച് ദിവസവും പ്രകടമായ വ്യത്യാസങ്ങളൊന്നും വരാതിരുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റായിരുന്നു കാണ്‍പൂരില്‍ ക്യൂറേറ്റര്‍ ശിവ് കുമാറും സംഘവും തയാറാക്കിയത്.
ശ്രേയസ് അയ്യര്‍ പുറത്താകുമോ?
മുംബൈ ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ അജിങ്ക്യ രഹാനെയെ നിലനിര്‍ത്താനായി ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരെ പുറത്തിരുത്തുമോ എന്ന ചോദ്യത്തോട് ദ്രാവിഡ് പ്രതികരിച്ചു. 'അടുത്ത ടെസ്റ്റിലെ പ്ലേയിംഗ് ഇലവന്‍റെ കാര്യം ഇപ്പോഴെ തീരുമാനിച്ചിട്ടില്ല. അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നതും ശരിയല്ല. ഇന്ന് ഈ കളിയില്‍ മാത്രമായിരുന്നു ശ്രദ്ധ. അടുത്ത ടെസ്റ്റിനായി മുംബൈയിലെത്തിയ ശേഷം താരങ്ങളുടെ കായികക്ഷമതയും ഫോമും പരിഗണിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുമായി ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കും' എന്നും ദ്രാവിഡ് വ്യക്തമാക്കി.
ഒരു വിക്കറ്റ് അകലെയാണ് കാൺപൂരിൽ ഇന്ത്യക്ക് ജയം നഷ്‌ടമായത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും കിണഞ്ഞ് ശ്രമിച്ചിട്ടും ഒൻപത് വിക്കറ്റേ വീഴ്ത്താൻ കഴിഞ്ഞുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്‌ടമായ ശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്‌പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചുനിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങി. സ്കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9.