Omicron : 'ഇന്ത്യ ഒരിക്കല്‍ക്കൂടി കാരുണ്യം കാട്ടി'; ആഫ്രിക്കയ്‌ക്ക് സഹായം പ്രഖ്യാപിച്ചത് വാഴ്ത്തി പീറ്റേഴ്സണ്‍
ഒമിക്രോൺ ഭീഷണിയില്‍ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്‌സീനും മരുന്നുമടക്കമുള്ള സഹായം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ വാഗ്‌ദാനം ചെയ്‌തിരുന്നു

ദില്ലി: കൊവിഡ് വകഭേദമായ ഒമിക്രോൺ ( Omicron) വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നുള്‍പ്പടെയുള്ള സഹായം വാഗ്‌ദാനം ചെയ്‌ത ഇന്ത്യയെ പ്രശംസിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen). 'ഇന്ത്യ കരുതല്‍ ഒരിക്കല്‍ക്കൂടി കാട്ടി. ഒട്ടേറെ ഹൃദയസ്‌പര്‍ശിയായ മനുഷ്യരുള്ള ഏറ്റവും അവിസ്‌മരണീയമായ രാജ്യമാണ് ഇന്ത്യ(India)' എന്നും കെപി ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ടാണ് പീറ്റേഴ്‌സന്‍റെ ട്വീറ്റ്.
ഒമിക്രോൺ ഭീഷണിയില്‍ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്‌സീനും മരുന്നുമടക്കമുള്ള സഹായം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ വാഗ്‌ദാനം ചെയ്‌തിരുന്നു. ജീവൻ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും വെന്‍റിലേറ്ററുകളുമടക്കമുള്ള സഹായമാണ് ഇന്ത്യ ഒരുക്കുക. ഇതോടൊപ്പം ജീൻ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരിക്കും. മലാവി, എത്യോപ്യ, സാംബിയ, മൊസാംബിക്, ഗിനിയ, ലെസോത്തോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്.
ആഫ്രിക്കയിലെ 41 രാജ്യങ്ങള്‍ക്ക് 25 മില്യണിലധികം ഡോസ് കൊവിഡ് വാക്‌സീനുകള്‍ ഇന്ത്യ ഇതിനകം കൈമാറി. ഇതില്‍ ഒരു മില്യണോളം ഡോസ് 16 രാജ്യങ്ങള്‍ക്കുള്ള ഗ്രാന്‍ഡാണ്. 16 മില്യണിലധികം ഡോസ് കൊവാക്‌സ് സൗകര്യം വഴി 33 രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്‌സീനാണ്.
ഒമിക്രോൺ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതയിലാണ് ലോകം. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സ്രവ പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.