ടി20 പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളിലും ടോസ് ജയിച്ചുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ഇന്നലെ സഹീറിന്‍റെ ട്വീറ്റ്. ഇനി ടോസിടുന്ന നാണയത്തില്‍ കറന്‍സി നോട്ടിലുണ്ടായിരുന്നു എന്നൊക്കെ പറയുന്നതുപോലെ വല്ല മൈക്രോ ചിപ്പും ഘടിപ്പിച്ചിട്ടുണ്ടോ എന്നും സഹീര്‍ തമാശയായി ചോദിച്ചു.

കാണ്‍പൂര്‍: വിരാട് കോലി(Virat Kohli) ക്യാപ്റ്റനായിരിക്കുമ്പോള്‍ ഇന്ത്യ നിര്‍ണായക മത്സരങ്ങളില്‍ ടോസ്(Toss) കൈവിടുന്നത് പതിവ് കാഴ്ചയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും(WTC Final) ടി20 ലോകകപ്പിലുമെല്ലാം(T20 World Cup) ടോസില്‍ തോറ്റപ്പോള്‍ തന്നെ ഇന്ത്യ കളി കൈവിടുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മ(Rohit Sharma) ചുമതലയേറ്റെടുത്തതോടെ ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യവും മാറി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ടോസ് നേടിയത് രോഹിത് ആയിരുന്നു.

പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ(Ajinkya Rahane) ക്യാപ്റ്റനായപ്പോഴും ഇന്ത്യക്ക് തന്നെ നിര്‍ണായക ടോസ് ലഭിച്ചു. ഇതിന് പിന്നാലെ ടോസിലെ ഇന്ത്യയുടെ പുതിയ ഭാഗ്യത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനും(Zaheer Khan) ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമും(James Neesham).

ടി20 പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളിലും ടോസ് ജയിച്ചുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ഇന്നലെ സഹീറിന്‍റെ ട്വീറ്റ്. ഇനി ടോസിടുന്ന നാണയത്തില്‍ കറന്‍സി നോട്ടിലുണ്ടായിരുന്നു എന്നൊക്കെ പറയുന്നതുപോലെ വല്ല മൈക്രോ ചിപ്പും ഘടിപ്പിച്ചിട്ടുണ്ടോ എന്നും സഹീര്‍ തമാശയായി ചോദിച്ചു. ഇന്ത്യ തുടര്‍ച്ചയായി ടോസ് ജയിക്കുന്ന അപൂര്‍വ സാഹചര്യത്തെക്കുറിച്ച് ഒരു തമാശ പറഞ്ഞതാണെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമെ ഇതില്‍ മറുപടി പറയാനാവു എന്നും സഹീര്‍ കുറിച്ചു.

Scroll to load tweet…

ഇതിന് പിന്നാലെ ഇന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റനായി ഇറങ്ങിയ അജിങ്ക്യാ രഹാനെയും ടോസ് നേടി. കാണ്‍പൂരില്‍ നാലാമത് ബാറ്റ് ചെയ്യുക എന്നത് ദുഷ്കരമാകുമെന്നതിനാല്‍ നിര്‍ണായക ടോസ് ആണ് രഹാനെ ജയിച്ചത്. ടോസ് നേടിയ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു, ഇതിന് പിന്നാലെയാണ് ജിമ്മി നീഷാമിന്‍റെ ടീറ്റ് എത്തിയത്. ടോസിടുന്ന നാണയം ആര്‍ക്കെങ്കിലും ഒന്ന് ശ്രദ്ധയോടെ നോക്കനാവുമോ എന്നായിരുന്നു നീഷാമിന്‍റെ ട്വീറ്റ്.

Scroll to load tweet…

ടോസില്‍ കോലിയുടെ നിര്‍ഭാഗ്യം രോഹിത്തിന്‍റെ ഭാഗ്യം

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് ടോസുകള്‍ നഷ്ടമായശേഷമാണ് ടി20 ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെതിരെ വിരാട് കോലി ഒരു ടോസ് ജയിച്ചത്. 2020നുശേഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയെ 42 മത്സരങ്ങളില്‍ നയിച്ച കോലി ആകെ ജയിച്ചത് 11 ടോസുകള്‍ മാത്രമായിരുന്നു. ടി20യില്‍ ആറും ഏകദിനത്തില്‍ രണ്ടും ടെസ്റ്റില്‍ മൂന്നെണ്ണവും മാത്രം. ടി20 ലോകകപ്പില്‍ രാത്രിയിലെ കനത്ത മഞ്ഞുവീഴ്ച മൂലം രണ്ടാമത് ബൗളിംഗ് ദുഷ്കരമാകുമെന്നതിനാല്‍ പകല്‍ രാത്രി മത്സരത്തില്‍ ടോസ് നിര്‍ണായകമായിരുന്നു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടമായ ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. രണ്ടാമത് ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ അനായാസം ലക്ഷ്യത്തിലെത്തി.

ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക രണ്ടാം മത്സരത്തിലും ടോസിലെ ഭാഗ്യം കോലിക്കൊപ്പമായിരുന്നില്ല. ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയും സ്പിന്നര്‍മാരുടെ മികവില്‍ 110 റണ്‍സിലൊതുക്കുകയും ചെയ്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. ഈ രണ്ട് തോല്‍വികളാണ് ഇന്ത്യയെ ടൂര്‍ണമെന്‍റിന് പുറത്തേക്കുള്ള വഴിയിലെത്തിച്ചത്.