Asianet News MalayalamAsianet News Malayalam

സഞ്ജു യുവിയെ പോലെ ആറ് സിക്‌സറുകളടിക്കാന്‍ കഴിവുള്ളവന്‍, അവസാന ഓവറില്‍ ഞാന്‍ ഭയന്നു: ഡെയ്‌ല്‍ സ്റ്റെയ്‌ന്‍

എത്രത്തോളം മോശം ദിനമാണ് ഷംസിക്കെന്ന് സഞ്ജുവിന് നന്നായി അറിയാമായിരുന്നു എന്നും ഇതിഹാസ പേസര്‍ 

IND vs SA 1st ODI Sanju Samson is a kind of guy who has the potential of Yuvi to hit six sixes says Dale Steyn
Author
First Published Oct 7, 2022, 12:37 PM IST

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ അവസാന ഓവറില്‍ സഞ്ജു സാംസണ്‍ ക്രീസില്‍ നില്‍ക്കേ ഇന്ത്യ വിജയിക്കുമെന്ന് താന്‍ ഭയന്നിരുന്നതായി പ്രോട്ടീസ് ഇതിഹാസ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. യുവ്‌രാജ് സിംഗിനെ പോലെ ആറ് പന്തും സിക്‌സര്‍ പറത്താന്‍ കഴിവുള്ള താരമാണ് സഞ്ജു എന്നും മത്സരത്തില്‍ താരം അത്രത്തോളം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും സ്റ്റെയ്‌ന്‍ വ്യക്തമാക്കി. 

'ഇങ്ങനെ സംഭവിക്കാന്‍ പാടില്ല എന്നായിരുന്നു 39-ാം ഓവറിലെ അവസാന പന്തില്‍ കാഗിസോ റബാഡ നോബോള്‍ എറിയുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്. ഫോമും താരത്തിന്‍റെ ആത്മവിശ്വാസവും പരിഗണിക്കുമ്പോള്‍ സ‍ഞ്ജു സാംസണെ പോലൊരാളെ എഴുതിത്തള്ളാനാവില്ല. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് ഞാന്‍ കണ്ടതാണ്. പ്രത്യേകിച്ച് അവസാന രണ്ട് ഓവറുകളില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ബൗണ്ടറി നേടാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അവിസ്‌മരണീയമാണ്. റബാഡ നോബോള്‍ എറിഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു. കാരണം മുപ്പതിലധികം റണ്‍സ് ആവശ്യമുള്ളപ്പോള്‍ ആറ് പന്തുകളും സിക്‌സര്‍ പറത്തി ടീമിനെ വിജയിപ്പിക്കാന്‍ യുവിയെ പോലെ കഴിവുള്ള താരമാണ് സഞ്ജു. തബ്രൈസ് ഷംസിയാണ് അവസാന ഓവര്‍ എറിയാന്‍ പോകുന്നത്. എത്രത്തോളം മോശം ദിനമാണ് ഷംസിക്കെന്ന് സഞ്ജുവിന് നന്നായി അറിയാമായിരുന്നു എന്നുമാണ് മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്‌സിലെ ചര്‍ച്ചയില്‍ ഇതിഹാസ പേസറുടെ വാക്കുകള്‍. 

മഴമൂലം 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ അവസാന ഓവറില്‍ 30 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഇടംകൈയന്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിയുടെ ആദ്യ പന്ത് വൈഡായപ്പോള്‍ റീ-ബോളില്‍ സിക്‌സും അടുത്ത രണ്ട് ബോളുകളില്‍ ബൗണ്ടറികളുമായി സഞ്ജു ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. എന്നാല്‍ നാലാം പന്ത് മിസ്സായത് തിരിച്ചടിയായി. അഞ്ചാം പന്ത് ബൗണ്ടറിയെ തൊട്ടെങ്കിലും അവസാന പന്തില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. ഇതോടെ ദക്ഷിണാഫ്രിക്ക 9 റണ്‍സിന് വിജയിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയായിരുന്നു. 

'ഷംസിയെ ആക്രമിക്കുകയായിരുന്നു പദ്ധതി, പാളിയത് രണ്ട് ഷോട്ടില്‍'; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

Follow Us:
Download App:
  • android
  • ios