ഓപ്പണര്‍ രോഹിത് ശർമ്മയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും പേസര്‍ മുഹമ്മദ് ഷമിയും തിരിച്ചെത്തും

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള (India Tour of South Africa 2021-22) ഇന്ത്യൻ ടെസ്റ്റ് ടീമിനെ (Team India) ഇന്ന് പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇരുപതംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിക്കുക. ഫോമിലല്ലെങ്കിലും അജിങ്ക്യ രഹാനെയും (Ajinkya Rahane) ചേതേശ്വർ പൂജാരയും (Cheteshwar Pujara) ടെസ്റ്റ് ടീമിൽ തുടരുമെന്നാണ് സൂചന. എന്നാല്‍ രഹാനെയെ വൈസ് ക്യാപ്റ്റനാക്കുമോ എന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുന്നു. 

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് വിശ്രമത്തിനായി വിട്ടുനിന്ന ഓപ്പണര്‍ രോഹിത് ശർമ്മയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും പേസര്‍ മുഹമ്മദ് ഷമിയും തിരിച്ചെത്തും. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ മധ്യനിര താരം ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. കെ എല്‍ രാഹുലിനും ഹനുമാ വിഹാരിക്കും അവസരം ലഭിച്ചേക്കും. പ്രസിദ്ധ് ക‍ൃഷ്‌ണ, അഭിമന്യൂ ഈശ്വരന്‍/പ്രിയങ്ക് പാഞ്ചല്‍, ജയന്ത് യാദവ് എന്നിവരേയും പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടീം ഇന്ത്യയെ നേരിടാന്‍ 21 അംഗ സ്‌ക്വാഡിനെ ദക്ഷിണാഫ്രിക്ക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പേസര്‍മാരായ അന്‍‌റിച്ച് നോര്‍ട്യയും കാഗിസോ റബാഡയും തിരിച്ചെത്തിയപ്പോള്‍ റയാന്‍ റിക്കെല്‍ടണിനും സിസാണ്ടാ മഗാളയ്‌ക്കും ടെസ്റ്റ് ടീമിലേക്ക് കന്നി ക്ഷണം കിട്ടി. 2019ന് ശേഷം ഡ്വെയ്ന്‍‌ ഒളിവറുടെ തിരിച്ചുവരവും ശ്രദ്ധേയം. ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഡീന്‍ എള്‍ഗാര്‍ നയിക്കുമ്പോള്‍ തെംബ ബവൂമയാണ് ഉപനായകന്‍. 

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് സ്‌ക്വാഡ്

ഡീന്‍ എള്‍ഗാര്‍(ക്യാപ്റ്റന്‍), തെംബ ബവൂമ(വൈസ് ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കാഗിസോ റബാഡ, സരെല്‍ ഇര്‍വീ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുങ്കി എങ്കിഡി, എയ്‌ഡന്‍ മാര്‍ക്രം, വയാന്‍ മുള്‍ഡര്‍, ആന്‍‌റിച്ച് നോര്‍ട്യ, കീഗന്‍ പീറ്റേര്‍സണ്‍, റാസീ വാന്‍ഡെര്‍ ഡസ്സന്‍, കെയ്‌ല്‍ വെരെയ്‌ന്‍, മാര്‍കോ ജാന്‍സന്‍, ഗ്ലെന്‍ടണ്‍ സ്റ്റര്‍മാന്‍, പ്രണേളന്‍ സുബ്രായന്‍, സിസാണ്ടാ മഗാള, റയാന്‍ റിക്കെല്‍ടണ്‍, ഡ്വെയ്‌ന്‍ ഒളിവര്‍. 

ഡിസംബർ 26ന് സെഞ്ചൂറിയനിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കും. രണ്ടാം ടെസ്റ്റിന് ജനുവരി മൂന്ന് മുതല്‍ ജൊഹാനസ്ബ‍ർഗും മൂന്നാം ടെസ്റ്റിന് ജനുവരി പതിനൊന്ന് മുതല്‍ കേപ് ടൗണും വേദിയാവും. ജനുവരി 19, 21, 23 തീയതികളിലാണ് ഏകദിന പരമ്പര. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര പിന്നീട് നടക്കും. ഏകദിന ടീമിനെ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. 

Ashes : ആഷസ് പോര് തുടങ്ങി, ഓസീസ് മിന്നലാക്രമണത്തില്‍ തല തകര്‍ന്ന് ഇംഗ്ലണ്ട്; ഗാബയില്‍ ബാറ്റിംഗ് ദുരന്തം