സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ടീം ഇന്ത്യ തോല്‍വി രുചിച്ചത്

കേപ്ടൗണ്‍: തോറ്റാലോ സമനിലയായാലോ പെട്ടു, ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരകളില്‍ കാലിടറുന്ന തുടര്‍ക്കഥയുമായി നാട്ടിലേക്ക് തലകുനിച്ച് മടങ്ങേണ്ടിവരും. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ വലിയ ഭീഷണിയാണ് മുന്നിലുള്ളത്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി നേരിട്ട ടീം ഇന്ത്യക്ക് അവിശ്വസനീയ തിരിച്ചുവരവ് കൊണ്ടേ പരമ്പരയില്‍ ഒപ്പമെത്താന്‍ കഴിയൂ എന്ന് എല്ലാവര്‍ക്കുമറിയാം. ഈ സാഹചര്യത്തില്‍ നിര്‍ണായക ബാറ്റിംഗ് പരിശീലനത്തിലാണ് വിരാട് കോലി. 

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ടീം ഇന്ത്യ തോല്‍വി രുചിച്ചത്. ന്യൂലന്‍ഡ്‌സില്‍ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് തുടങ്ങുമ്പോഴും ഇന്ത്യക്ക് ഭീഷണി എതിരാളികളുടെ ബൗളിംഗാണ്. ബാറ്റിംഗിന് ഏറെ വെല്ലുവിളി നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് എക്കാലവും പേടിസ്വപ്നനമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 245, 131 എന്നീ സ്കോറുകളില്‍ പുറത്തായപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ കെ എല്‍ രാഹുലും (101) രണ്ടാം ഇന്നിംഗ്‌സില്‍ വിരാട് കോലിയും (76) മാത്രമാണ് ക്രീസില്‍ പിടിച്ചുനിന്നത്. പന്തുകൊണ്ട് മിന്നിയ കാഗിസോ റബാഡയ്ക്ക് പുറമെ അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കിയ ഇടംകൈയന്‍ പേസര്‍ നാന്ദ്രെ ബർഗർ ആണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞുടച്ച മറ്റൊരാള്‍. ഇതോടെ ബര്‍ഗറിനെ നേരിടാന്‍ കൂടുതല്‍ പരിശീലനത്തിലാണ് വിരാട് കോലി. 

ന്യൂലന്‍ഡ്‌സിലെ ഓപ്ഷനല്‍ പരിശീലനത്തില്‍ ഒരു മണിക്കൂറോളം നേരമാണ് വിരാട് കോലി ബാറ്റിംഗ് പരിശീലനം നടത്തിയത്. 20-15 മിനുറ്റ് നേരം മികച്ച പേസില്‍ ത്രോഡൗണുകള്‍ നേരിട്ടു. നാന്ദ്രെ ബർഗറിനെ നേരിടാന്‍ പഠിക്കാന്‍ പ്രാദേശിക ഇടംകൈയന്‍ പേസറെ ഇറക്കിയായിരുന്നു വിരാട് കോലിയുടെ പരിശീലനം. എന്നാല്‍ ബര്‍ഗറേക്കാള്‍ വേഗക്കുറവുണ്ടായിരുന്നു ഈ യുവ ബൗളര്‍ക്ക്. ഇതോടെ സ്റ്റെപ് ഔട്ട് ചെയ്ത് നിരവധി തവണ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പായിക്കാന്‍ കോലിക്കായി. ഇതിന് പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ആവേഷ് ഖാന്‍ എന്നിവരെയും നെറ്റ്സില്‍ വിരാട് കോലി നേരിട്ടു. ഒരേ ലെങ്തില്‍ തുടര്‍ച്ചയായി കോലിയെ പരീക്ഷിക്കുകയായിരുന്നു ബുമ്രയും സിറാജും ചെയ്തത്. 

Read more: 'ദുരന്ത' ബൗളറെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കേണ്ട, പക്ഷേ ഇവരെ നിലനിര്‍ത്തണം; വന്‍ മാറ്റങ്ങള്‍ക്ക് നിര്‍ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം