ഫോമിലുള്ള ഡികെയെ പ്രശംസ കൊണ്ടുമൂടാന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മറന്നില്ല
ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര(IND vs SA T20Is) സമനിലയില്‍ അവസാനിച്ചെങ്കിലും ഇന്ത്യന്‍ ടീമിന് വലിയൊരു പ്ലസ് പോയിന്‍റ് ദിനേശ് കാർത്തിക്കിന്‍റെ(Dinesh Karthik) ഫിനിഷിംഗ് മികവാണ്. രാജ്കോട്ടില്‍ നടന്ന നാലാം ടി20യില്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി ഡികെ(DK) താരമായിരുന്നു. ഫോമിലുള്ള ഡികെയെ പ്രശംസ കൊണ്ടുമൂടാന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid) മറന്നില്ല.
'പ്രത്യേക കഴിവിനാലാണ് ദിനേശ് കാർത്തിക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി മികച്ച പ്രകടനമാണ് ഡികെ കാഴ്ചവെക്കുന്നത്. ടീമിലേക്കുള്ള സെലക്ഷന്‍ അദേഹം ഫലവത്താക്കി കാണിച്ചതില്‍ സന്തോഷമുണ്ട്. രാജ്കോട്ടില്‍ പ്രതീക്ഷിക്കുന്ന സ്കോറിലെത്താന്‍ അവസാന അഞ്ച് ഓവറുകളില്‍ ദിനേശ് കാർത്തിക്കും ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തു. ഡെത്ത് ഓവറുകളില്‍ ടീമിന്‍റെ കരുത്ത് ഇരുവരുമാണ്. അവസാന അഞ്ചാറ് ഓവറുകള്‍ പരമാവധി മുതലാക്കാന്‍ ഇരുവർക്കുമാകും. കാർത്തിക് മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ സന്തോഷമുണ്ട്. രാജ്കോട്ടിലെ പോലൊരു ഇന്നിംഗ്സോടെ ഇന്ത്യന്‍ ടീമിന്‍റെ വാതിലുകളില്‍ ഡികെ ശക്തമായി മുട്ടുകയാണ്' എന്നും ദ്രാവിഡ് പറഞ്ഞു.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ദിനേശ് കാർത്തിക് 2019ന് ശേഷം ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നാല് ഇന്നിംഗ്സില്‍ 158.6 സ്ട്രൈക്ക് റേറ്റില്‍ 92 റണ്‍സ് ഡികെ നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടി20യില്‍ രാജ്കോട്ടില്‍ ഇന്ത്യ 82 റണ്‍സിന് വിജയിച്ചപ്പോള്‍ അർധ സെഞ്ചുറിയുമായി ഡികെയായിരുന്നു(27 പന്തില്‍ 56) കളിയിലെ താരം.
ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ 330 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 183 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു താരത്തിന്. ഇതില്‍ 22 സിക്സുകളും ഉള്‍പ്പെടുന്നു. ഇന്ത്യക്കായി 35 ട്വന്റി 20യില്‍ 436 റണ്‍സും 94 ഏകദിനത്തില്‍ 1752 റണ്‍സും 26 ടെസ്റ്റില്‍ 1025 റണ്‍സും നേടിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന അയർലന്‍ഡ് പര്യടനത്തിലും ദിനേശ് കാർത്തിക് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
