വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ വെള്ളംകുടിപ്പിച്ച ഇന്ത്യന്‍ സ്റ്റാര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് റെക്കോര്‍ഡ്. ടെസ്റ്റില്‍ വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി അശ്വിന്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഡി ബ്രുയിനെ പുറത്താക്കിയാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. അഞ്ചാം ദിനം തുടക്കത്തിലെ 10 റണ്‍സില്‍ നില്‍ക്കേ ഡി ബ്രുയിനെ അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു.  

ഇന്ത്യക്കായി വേഗത്തില്‍ 350 വിക്കറ്റ് നേടുന്ന താരവുമായി അശ്വിന്‍. കരിയറിലെ 66-ാം ടെസ്റ്റിലാണ് അശ്വിന്‍ 350 വിക്കറ്റ് തികച്ചത്. 77 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെയുടെ പേരിലായിരുന്നു നേരത്തെയുണ്ടായിരുന്ന ഇന്ത്യന്‍ റെക്കോര്‍ഡ്. എന്നാല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ കുംബ്ലെയെ മറികടക്കാന്‍ അശ്വിന് ഇനിയും ദൂരം സഞ്ചരിക്കണം. 619 വിക്കറ്റുകളാണ് കുംബ്ലെ നേടിയത്. പട്ടികയില്‍ മൂന്നാമതുള്ള ഹര്‍ഭജന്‍ സിംഗിന് 350 വിക്കറ്റ് തികയ്‌ക്കാന്‍ 77 ടെസ്റ്റുകള്‍ വേണ്ടിവന്നു. 

വിശാഖപട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന്‍ ഏഴ് വിക്കറ്റ് നേടിയിരുന്നു. 145 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍റെ പ്രകടനം. അശ്വിന്‍ ഒരു ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നേടുന്നത് ഇത് അഞ്ചാം തവണയാണ്. ടെസ്റ്റ് കരിയറിലെ 27-ാം അഞ്ച് വിക്കറ്റ് പ്രകടനമെന്ന നേട്ടത്തിലും ഇതിനിടെ അശ്വിനെത്തി.