ദക്ഷിണാഫ്രിക്ക എക്കെതിരെ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളുമായി വിഹാരി തിളങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ വിഹാരിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക്കിന്‍റെ പ്രിതകരണം.

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(IND vs SA) മധ്യനിര ബാറ്റര്‍ ഹനുമാ വിഹാരിയെ(Hanuma Vihari) ഇന്ത്യന്‍ ടീമില്‍(Team India) ഉള്‍പ്പെടുത്താനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്(Dinesh Karthik). ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള(IND vs NZ) ടീമില്‍ ഇടം ലഭിക്കാതിരുന്ന വിഹാരി നിലവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ അനൗദ്യോഗിക ടെസ്റ്റ് പരമ്പര കളിക്കുകയാണ്.

ദക്ഷിണാഫ്രിക്ക എക്കെതിരെ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളുമായി വിഹാരി തിളങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ വിഹാരിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക്കിന്‍റെ പ്രിതകരണം.

വിഹാരിയെ ഉള്‍പ്പെടുത്തുന്നതിന് പകരം പരീക്ഷിച്ച് തെളിഞ്ഞ പതിവ് ബാറ്റര്‍മാരെതന്നെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid) ടീമിലുള്‍പ്പെടുത്താനാണ് സാധ്യതയെന്ന് ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിഹാരിക്ക് ടീമിലിടം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ വിഹാരിയുടെ അഭാവത്തില്‍ ടെസ്റ്റ് ടീമില്‍ കളിച്ചവര്‍ തിളങ്ങിയ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അദ്ദേഹത്തിന് ടീമിലിടം കിട്ടാനുള്ള സാധ്യത വിരളമാണെന്നും കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.

കെ എല്‍ രാഹുലും(KL Rahul) രോഹിത് ശര്‍മയും(Rohit Sharma) തിരിച്ചെട്ടുകയും മൂന്നാം ഓപ്പണറായി മായങ്ക് അഗര്‍വാള്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയും അവരുടെ സ്ഥാനം നിലനിര്‍ത്തും. ഇതിന് പുറമെ ന്യൂസിലന്‍ഡിനെതിരെ തിളങ്ങിയ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും എന്തായാലും ടീമിലുണ്ടാവും. ഈ സാഹചര്യത്തില്‍ വിഹാരിക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സ്വാഭാവികമായും അദ്ദേഹം ടീമിലുണ്ടാവേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം ഇന്ത്യ എക്കായി കളിക്കാന്‍ പോയതിനാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സ്ഥാനം ലഭിച്ചില്ല.

ഇനി ഈ ഇന്ത്യന്‍ ടീമില്‍ വിഹാരിക്ക് എവിടെയാണ് ഇടം കൊടുക്കുകയെന്നും കാര്‍ത്തിക് ചോദിച്ചു. കാരണം നിലവിലെ ടീമിലെ എല്ലാവരും അവരവരുടെ സ്ഥാനം നിലനിര്‍ത്താനുള്ള പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കാണ്‍പൂരിലെയും മുംബൈയിലെയും വെല്ലുവിളി ഉയര്‍ത്തുന്ന പിച്ചുകളില്‍ 30-40 റണ്ണെടുത്തവരായാല്‍ പോലും അവരുടെ ഇന്നിംഗ്സിനെ വിലകുറച്ചു കാണാനാവില്ല. അവര്‍ ക്രീസില്‍ നില്‍ക്കുകയും റണ്ണടിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇനി ഈ ടീമില്‍ എവിടെയാണ് വിഹാരിക്ക് സ്ഥാനം നല്‍കുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അരങ്ങേറ്റ സെഞ്ചുറിയോടെ ശ്രേയസ് അയ്യര്‍ ടീമിലെ വിഹാരിയുടെ സ്ഥാനം കൈയടക്കി എന്നുവേണമെങ്കില്‍ പറയാവുന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു.

രാഹുലും രോഹിത്തും മടങ്ങിയെത്തുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കാനായിരുന്നു ടീം മാനേജ്മെന്‍റ് നേരത്തെ തീരുമാനിച്ചിരുന്നത്. രാഹുലിന് പരിക്കേറ്റതും രോഹിത്തിന് വിശ്രമം അനുവദിച്ചതുമാണ് ഗില്ലിനെ വീണ്ടും ഓപ്പണറാക്കാന്‍ കാരണം. ദക്ഷിണാഫ്രിക്കക്കെതിരെ രാഹുലും രോഹിത്തും മടങ്ങിയത്തെുമ്പോള്‍ ഗില്ലിനെ വീണ്ടും മധ്യനിരയില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അതും വിഹാരിക്ക് വലിയെ വെല്ലുവിളിയാവും. 26ന് സെഞ്ചൂറിയിനിലാണ് ദക്ഷിണാഫ്രിക്കക്കെതിരായി മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.