തീപ്പൊരി ഇന്നിംഗ്‌സില്‍ വമ്പന്‍ പ്രശംസയാണ് മലയാളി താരത്തെ തേടിയെത്തിയത്

ധരംശാല: സഞ്ജു സാംസണിന് (Sanju Samson) ഒരവസരം നല്‍കൂ എന്ന് അലമുറയിട്ട് വാദിച്ച ആരാധകരുടെ ഉത്സവ ദിനമായിരുന്നു ഇന്നലെ. ധരംശാലയില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ (IND vs SL 2nd T20I) തുടക്കത്തില്‍ അല്‍പമൊന്ന് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ഒരൊറ്റ ഓവര്‍ കൊണ്ട് തന്‍റെ സംഹാരരൂപം പുറത്തെടുക്കുകയായിരുന്നു മലയാളി ക്രിക്കറ്റര്‍. ലങ്കയില്‍ നിന്ന് മത്സരം ഇന്ത്യന്‍ കൈകളിലെത്തിച്ച ഇംപാക്‌ട്‌ഫുള്‍ ഇന്നിംഗ്‌സായിരുന്നു സഞ്ജുവിന്‍റേത്. തീപ്പൊരി ഇന്നിംഗ്‌സില്‍ വമ്പന്‍ പ്രശംസയാണ് മലയാളി താരത്തെ തേടിയെത്തിയത്. 

ധരംശാലയില്‍ ലങ്ക മുന്നോട്ടുവെച്ച 184 റണ്‍സ് എന്ന മികച്ച വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ തുടക്കം ഒട്ടും ശുഭമായിരുന്നില്ല. ഏത് സ്‌കോറും പിന്തുടരാന്‍ കെല്‍പുള്ള നായകന്‍ രോഹിത് ശര്‍മ്മ ഒന്നിലും ഇഷാന്‍ കിഷന്‍ 16ലും പുറത്തായപ്പോള്‍ ഇന്ത്യ ഒന്ന് പരിഭ്രമിച്ചതാണ്. നാലാമനായി ക്രീസിലെത്തിയ സഞ്ജുവാകട്ടെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെടുകയും ചെയ്തു. ആദ്യ 12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. എന്നാല്‍ ലഹിരു കുമാര എറിഞ്ഞ പതിമൂന്നാം ഓവര്‍ സഞ്ജുവിന്‍റെ പ്രഹരശേഷി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. 

ലഹിരു പന്തെറിയാനെത്തുമ്പോള്‍ 21 പന്തില്‍ 19 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. എന്നാല്‍ കുമാരയെ മൂന്ന് സിക്സിന് പറത്തി സഞ്ജു അതിവേഗം സ്കോര്‍ ചെയ്‌തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. കളിയുടെ താളം മാറ്റിയ ഓവര്‍ കൂടിയായിരുന്നു ഇത്. തലങ്ങും വിലങ്ങും സിക്‌സര്‍ പായിച്ച് ആരാധകര്‍ക്ക് ആവേശത്തിര സമ്മാനിച്ച സാക്ഷാല്‍ സഞ്ജു ഷോ. ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു. 

തീപ്പൊരി പാറിച്ച ഇന്നിംഗ്‌‌സില്‍ സഞ്ജുവിനെത്തേടി ഏറെ പ്രശംസയെത്തി. വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയായിരുന്നു ഇവരിലൊരാള്‍. ഉടനടി സഞ്ജുവിന്‍റെ പേരിലുള്ള ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. 

ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ രണ്ടാം ടി20യില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി. ഏഴ് വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം. സ്കോര്‍: ശ്രീലങ്ക- 20 ഓവറില്‍ 183-5, ഇന്ത്യ-17.1ഓവറില്‍ 186-3. ശ്രേയസ് അയ്യര്‍ 44 പന്തില്‍ 74* ഉം രവീന്ദ്ര ജഡേജ 18 പന്തില്‍ 45* ഉം സഞ്ജു സാംസണ്‍ 25 പന്തില്‍ 39 ഉം റണ്‍സെടുത്തു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

IND vs SL : ലങ്കാവധം പൂര്‍ത്തിയാക്കാന്‍ ടീം ഇന്ത്യ; വീണ്ടും സ്റ്റൈലന്‍ സഞ്ജുവിനെ കാത്ത് ആരാധകര്‍