രണ്ടാം ടി20യില്‍ പതിയെ തുടങ്ങിയ സഞ്ജു സാംസണ്‍ പിന്നാലെ കത്തിക്കയറിയപ്പോള്‍ 25 പന്തില്‍ 39 റണ്‍സ് പിറന്നിരുന്നു
ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര (IND vs SL T20I) തൂത്തൂവാരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20 (India vs Sri Lanka 3rd T20I) ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന് ധരംശാലയില്‍ ആരംഭിക്കും. പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്‍ ഇന്ത്യ (Team India) പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇന്നലെ തകര്‍ത്തടിച്ച മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ഇന്നും കളത്തിലെത്തുമെന്നാണ് പ്രതീക്ഷ.
ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ രണ്ടാം ടി20യില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കുകയായിരുന്നു. ഏഴ് വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം. സ്കോര്‍: ശ്രീലങ്ക- 20 ഓവറില്‍ 183-5, ഇന്ത്യ- 17.1ഓവറില്‍ 186-3.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. പതിയെ തുടങ്ങിയ സഞ്ജു സാംസണ്‍ പിന്നാലെ കത്തിക്കയറിയപ്പോള്‍ 25 പന്തില്‍ 39 റണ്‍സ് പിറന്നു. മൂന്നാം വിക്കറ്റില്‍ ശ്രേയസും സഞ്ജുവും പടുത്തുയര്‍ത്തിയ 84 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 18 പന്തില്‍ 45 റണ്‍സെടുത്ത് വിജയത്തില്‍ അയ്യര്‍ക്ക് കൂട്ടായി.
തീപ്പൊരി സഞ്ജു
ആദ്യ12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജുവിന്‍റെ അക്കൗണ്ടില്‍ 21 പന്തില്‍ 19 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കുമാരയെ മൂന്ന് സിക്സിന് പറത്തി സഞ്ജു അതിവേഗം സ്കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു.
നേരത്തെ പതിഞ്ഞ തുടക്കത്തിനുശേഷം അവസാന ഓവറുകളില്‍ കത്തിക്കയറിയ ബാറ്റര്‍മാരുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്. 53 പന്തില്‍ 75 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്ക ആണ് ലങ്കയുടെ ടോപ് സ്കോറര്‍. ഗുണതിലക 38 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ദസുന്‍ ഷനക 19 പന്തില്‍ 47 റണ്‍സുമായി ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ ലക്ഷ്യം വച്ചുനീട്ടി. അവസാന നാലോവറില്‍ 72 റണ്‍സ് അടിച്ചുകൂട്ടിയത് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിന് കരുത്താവുകയായിരുന്നു.
