ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ലങ്കന്‍ പേസര്‍ ലഹിരു കുമാര എറിഞ്ഞ നാലാം ഓവറില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഇഷാന്‍റെ ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യ്‌ക്കിടെ (IND vs SL 2nd T20I) പന്ത് തലയില്‍ കൊണ്ട ഇന്ത്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ (Ishan Kishan) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശിലെ കാംഗ്രയിലുള്ള ആശുപത്രിയിലാണ് ഇഷാനെ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. സിടി സ്‌കാനിംഗിന് വിധേയനായ താരം ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ ശ്രീലങ്കന്‍ ബാറ്റര്‍ ദിനേശ് ചന്ദിമലും (Dinesh Chandimal) ചികില്‍സ തേടി. 

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ലങ്കന്‍ പേസര്‍ ലഹിരു കുമാര എറിഞ്ഞ നാലാം ഓവറില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഇഷാന്‍റെ ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഉടനടി മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഇഷാന്‍ ബാറ്റിംഗ് പുനരാരംഭിച്ചതോടെ ടീമുകള്‍ക്കും ആരാധകര്‍ക്കും ആശ്വാസമായിരുന്നു. 15 പന്തില്‍ രണ്ട് ഫോറുകളോടെ 16 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ പിന്നാലെ ലഹിരുവിന്‍റെ തന്നെ പന്തില്‍ പുറത്തായി. ഇതിന് ശേഷമാണ് താരത്തെ വിദഗ്‌ധ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇഷാന്‍റെ പരിക്കിനെ കുറിച്ച് ബിസിസിഐ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ രണ്ടാം ടി20യില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റും 17 പന്തുകളും ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യയുടെ ജയം. സ്കോര്‍: ശ്രീലങ്ക- 20 ഓവറില്‍ 183-5, ഇന്ത്യ-17.1ഓവറില്‍ 186-3. ശ്രേയസ് അയ്യര്‍ 44 പന്തില്‍ 74* ഉം രവീന്ദ്ര ജഡേജ 18 പന്തില്‍ 45* ഉം സഞ്ജു സാംസണ്‍ 25 പന്തില്‍ 39 ഉം റണ്‍സെടുത്തു. നായകന്‍ രോഹിത് ശര്‍മ്മ ഒരു റണ്ണില്‍ പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറി കുറിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി.

നേരത്തെ പതിഞ്ഞ തുടക്കത്തിനുശേഷം അവസാന ഓവറുകളില്‍ കത്തിക്കയറിയ ബാറ്റര്‍മാരുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്. 53 പന്തില്‍ 75 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്ക ആണ് ലങ്കയുടെ ടോപ് സ്കോറര്‍. ഗുണതിലക 38 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ദസുന്‍ ഷനക 19 പന്തില്‍ 47 റണ്‍സുമായി ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ ലക്ഷ്യം വച്ചുനീട്ടി. അവസാന നാലോവറില്‍ 72 റണ്‍സ് അടിച്ചുകൂട്ടിയത് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിന് കരുത്താവുകയായിരുന്നു.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20 ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന് ധരംശാലയില്‍ ആരംഭിക്കും. പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇന്നലെ തകര്‍ത്തടിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആശ്വാസ ജയമാണ് ശ്രീലങ്ക ലക്ഷ്യം വയ്‌ക്കുന്നത്. 

IND vs SL : ലങ്കാവധം പൂര്‍ത്തിയാക്കാന്‍ ടീം ഇന്ത്യ; വീണ്ടും സ്റ്റൈലന്‍ സഞ്ജുവിനെ കാത്ത് ആരാധകര്‍