86-6 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകള്‍ 23 റണ്‍സിനിടെ നഷ്‌ടമാവുകയായിരുന്നു
ബെംഗളൂരു: ചിന്നസ്വാമിയില്‍ ബും ബും ബുമ്ര കൊടുങ്കാറ്റായപ്പോള്‍ പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ (Bengaluru Test (D/N) ആദ്യ ഇന്നിംഗ്‌സില്‍ ശ്രീലങ്കയെ 109 റണ്‍സില്‍ എറിഞ്ഞിട്ട് ഇന്ത്യ. അഞ്ച് വിക്കറ്റുമായി ജസ്‌പ്രീത് ബുമ്രയും (Jasprit Bumrah) രണ്ട് പേരെ വീതം പുറത്താക്കി രവിചന്ദ്ര അശ്വിനും (Ravichandran Ashwin) മുഹമ്മദ് ഷമിയും (Mohammed Shami) ഒരാളെ പുറത്താക്കി അക്‌സര്‍ പട്ടേലുമാണ് (Axar Patel) ലങ്കയെ തരിപ്പണമാക്കിയത്. ഏഞ്ചലോ മാത്യൂസ്(43), നിരോഷന്‍ ഡിക്‌വെല്ല(21), ധനഞ്ജയ ഡിസില്‍വ (10) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
86-6 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകള്‍ 23 റണ്‍സിനിടെ നഷ്‌ടമാവുകയായിരുന്നു. വെറും 35 പന്തുകളെ ലങ്കന്‍ ബാറ്റര്‍മാര്‍ ഇന്ന് നേരിട്ടുള്ളൂ. ഇതോടെ ടീം ഇന്ത്യ 143 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. 10 ഓവറില്‍ നാല് മെയ്‌ഡനടക്കം വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഒന്നാം ഇന്നിംഗ്‌സില്‍ ആകെ 35.5 ഓവര്‍ മാത്രമേ ലങ്കയുടെ പോരാട്ടം നീണ്ടുനിന്നുള്ളൂ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 252ന് പുറത്തായിരുന്നു. രോഹിത് ശര്‍മ്മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അര്‍ധ സെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ശ്രീലങ്കക്കായി ലസിത് എംബുല്‍ഡെനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.
