അതേ ഫോം ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ടെസ്റ്റ് പരമ്പരയിലും തുടരുകയാണ് ശ്രേയസ്. ബംഗളൂരുവില്‍ നടക്കുന്ന പകല്‍- രാത്രി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ താരം 92 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രേയസ് 67 റണ്‍സാണ് നേടിയത്. 

ബംഗളൂരു: തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ശ്രേയസ് അയ്യര്‍ (Shreyas Iyer). ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ പ്ലയര്‍ ഓഫ് ദ സീരീസ് ശ്രേയസായിരുന്നു. അതേ ഫോം ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ടെസ്റ്റ് പരമ്പരയിലും തുടരുകയാണ് ശ്രേയസ്. ബംഗളൂരുവില്‍ നടക്കുന്ന പകല്‍- രാത്രി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ താരം 92 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രേയസ് 67 റണ്‍സാണ് നേടിയത്. 

ഇതോടെ ഒരു സവിശേഷ പട്ടികയിലും ശ്രേയസ് ഇടം കണ്ടെത്തി. ഒരു പകല്‍- രാത്രി ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും 50ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമായിരിക്കുകയാണ് ശ്രേയസ്. വിന്‍ഡീസിന്റെ ഡാരന്‍ ബ്രാവോയാണ് ഒന്നാമന്‍. 2016ല്‍ പാകിസ്ഥാനെതിരെ ദുബായിലായിരുന്നു ബ്രാവോയുടെ നേട്ടം. അന്ന് 87, 116 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സമിത്ത് രണ്ടാമത്തെ താരം. 2016ല്‍ പാകിസ്ഥാനെതിരെ ബ്രിസ്‌ബേനിലായിരുന്നു സ്മിത്തിന്റെ നേട്ടം. 160, 63 എന്നിങ്ങനെയായിരുന്നു മുന്‍ ഓസീസ് ക്യാപ്റ്റന്റെ സ്‌കോറുകള്‍. 2019ല്‍ പെര്‍ത്തില്‍ ന്യൂസിലന്‍ഡിനെതിരെ മര്‍നസ് ലബുഷെയ്ന്‍ ഈ നേട്ടം സ്വന്തമാക്കി. 143, 50 എന്നിങ്ങനെയായിരുന്നു ലബുഷെയ്‌നിന്റെ സ്‌കോറുകള്‍. 2021ല്‍ ഒരിക്കല്‍കൂടി ലബുഷെയ്ന്‍ നേട്ടം ആവര്‍ത്തിച്ചു. അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരെ 103, 51 റണ്‍സാണ് ലോക ഒന്നാംനമ്പര്‍ ബാറ്റര്‍ നേടിയത്. 

ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ ശ്രേയസും. ബംഗളൂരുവില്‍ ലങ്കയ്‌ക്കെതിരെ കൂറ്റന്‍ ലീഡിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ എട്ടിന് 303 എന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 446 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ശ്രേയസിന് പുറമെ റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അക്‌സര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി (16) എന്നിവരാണ് ക്രീസില്‍. ടി20 ശൈലിയില്‍ ബാറ്റ് വീശിയ പന്ത് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമാണിപ്പോള്‍ പന്ത്. ഇതിഹാസതാരം കപില്‍ ദേവിനെയാണ് (ഗമുശഹ ഉല്) പന്ത് പിന്നിലാക്കിയത്. 1982ല്‍ പാകിസ്ഥാനെതിര കറാച്ചിയില്‍ കപില്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പന്ത് ഇന്ന് 28 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടത്തില്‍ 31 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷാര്‍ദുല്‍ ഠാക്കൂറാണ് മൂന്നാം സ്ഥാനത്ത്. ഓവലിലായിരുന്നു ഠാക്കൂറിന്റെ ഇന്നിംഗ്‌സ്. 2008ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 32 പന്തില്‍ 50 തികച്ച വിരേന്ദര്‍ സെവാഗ് നാലാമതാണ്. ഇന്ത്യയില്‍ വേഗത്തില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ലോകതാരങ്ങളില്‍ മൂന്നാമനാണ് പന്ത്. ഇക്കാര്യത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയാണ് ഒന്നാമന്‍. 2005ല്‍ ബംഗളൂരു ടെസ്റ്റില്‍ 26 പന്തിലാണ് താരം അര്‍ധ സെഞ്ചുറി നേടിയത്. 1981ല്‍ 28 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം രണ്ടാമതുണ്ട്. പന്ത് മൂന്നാം സ്ഥാനത്തും. 1986ല്‍ 31 പന്തില്‍ 50 തികച്ച ശ്രീലങ്കന്‍ ഇതിഹാസം അര്‍ജുന രണതുംഗ നാലാമതാണ്. 

മറ്റൊരു റെക്കോര്‍ഡ് കൂടി താരത്തെ തേടിയെത്തി. രണ്ട് ഇന്നിംഗ്‌സിലും 150ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ (30 റണ്‍സില്‍ കൂടുതല്‍) റണ്‍സ് കണ്ടെത്തുന്ന താരമായിരിക്കുയാണ് പന്ത്. ആദ്യ ഇന്നിംഗ്‌സില്‍ 26 പന്തില്‍ 39 റണ്‍സാണ് പന്ത് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 150. രണ്ടാം ഇന്നിംഗ്‌സില്‍ 161.29 സ്‌ട്രൈക്കറ്റ് റേറ്റിലാണ് 50 റണ്‍സെടുത്തത്.