കെ എല്‍ രാഹുല്‍ ടീമിലില്ലാത്തതും റിഷഭ് പന്തിന് അപകടത്തില്‍ സാരമായി പരിക്കേറ്റതുമാണ് ജിതേഷ് ശര്‍മ്മയിലേക്ക് സെലക്‌ടര്‍മാരുടെ കണ്ണുകളെത്തിച്ചത്
പൂനെ: ശ്രീലങ്കയ്ക്ക് എതിരെ രണ്ട് ട്വന്‍റി 20കള്‍ അവശേഷിക്കേ ടീം ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ‌്ജു സാംസണ്‍ പരിക്കേറ്റ് സ്‌ക്വാഡിന് പുറത്തായിരുന്നു. സഞ്ജുവിന് പകരക്കാരനായി ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി തിളങ്ങിയിട്ടുള്ള ജിതേഷ് ശര്‍മ്മയാണ് ടീമിലെത്തിയത്. സഞ്ജുവിന് പകരക്കാരനായി ജിതേഷ് സ്‌ക്വാഡിലെത്തിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു. ഇതോടെ ജിതേഷ് ശര്‍മ്മയുടെ മുന്‍ പ്രകടനങ്ങള്‍ തിരയുകയാണ് ആരാധകര്‍.
കെ എല്‍ രാഹുല്‍ ടീമിലില്ലാത്തതും റിഷഭ് പന്തിന് അപകടത്തില്‍ സാരമായി പരിക്കേറ്റതുമാണ് ജിതേഷ് ശര്‍മ്മയിലേക്ക് സെലക്‌ടര്‍മാരുടെ കണ്ണുകളെത്തിച്ചത്. ഐപിഎല്ലില്‍ 2017ല്‍ മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ് അംഗമായിരുന്നു ജിതേഷ്. ഇതിന് ശേഷം പഞ്ചാബ് കിംഗ്‌സില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയായിരുന്നു പഞ്ചാബ് കുപ്പായത്തില്‍ താരത്തിന്‍റെ അരങ്ങേറ്റം. അന്ന് 17 പന്തില്‍ 26 റണ്‍സ് കുറിച്ചു. ഇതുവരെ പഞ്ചാബ് കിംഗ്‌സിനായി 12 മത്സരങ്ങള്‍ കളിച്ച താരം 10 ഇന്നിംഗ്‌സില്‍ 234 റണ്‍സ് നേടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 34 പന്തില്‍ നേടിയ 44 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയ്ക്കായി കളിക്കുന്ന താരം സ്ഥിരതയുള്ള ബാറ്ററാണ്. 2012-13 സീസണില്‍ കുച്ച് ബിഹാര്‍ ട്രോഫിയില്‍ 12 ഇന്നിംഗ്‌സുകളില്‍ 537 റണ്‍സ് നേടിയാണ് താരം വിദര്‍ഭ സീനിയര്‍ ടീമില്‍ ഇടംപിടിച്ചത്. 2014ല്‍ ആഭ്യന്തര ടി20യിലും വിജയ് ഹസാരെയിലും അരങ്ങേറി. 2015-16 സീസണില്‍ മുഷ്‌താഖ് അലി ട്രോഫിയിലെ ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനായിരുന്നു. 140 സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും സഹിതം 343 റണ്‍സാണ് അന്ന് ജിതേഷ് നേടിയത്. ഇതോടെയാണ് 2016ലെ താരലേലത്തില്‍ ജിതേഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പിന്നീട് പഞ്ചാബ് കിംഗ്‌സിലെത്തി. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ന് ജിതേഷ് ശര്‍മ്മയ്ക്ക് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്.
കാല്‍മുട്ടിന് പരിക്ക്, സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടം; ജിതേശ് ശര്‍മ ടീമില്‍
