ട്വന്‍റി 20യില്‍ റിഷഭ് പന്ത് അമ്പേ പരാജയമായപ്പോള്‍ പുതിയ താരങ്ങളെ പരീക്ഷിക്കാനാണ് സെലക്‌ടര്‍മാരുടെ ശ്രമം എന്നാണ് സൂചന
മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറെ ശ്രദ്ധേയമായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഇരു ഫോര്‍മാറ്റുകളില്‍ നിന്നും ഒഴിവാക്കിയതാണ്. അതേസമയം സഞ്ജു സാംസണ്‍ ട്വന്‍റി 20യിലും ഇഷാന്‍ കിഷന്‍ ഇരു ഫോര്‍മാറ്റുകളിലും ഇടംപിടിച്ചു. പരമ്പരയില്‍ മികവ് കാട്ടിയാല്‍ ടി20 ഫോര്‍മാറ്റിലെങ്കിലും സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ട്വന്‍റി 20 ടീമിനെ ബിസിസിഐ ഒരുക്കുന്നു എന്ന സൂചനയാണ് ടീം സെലക്ഷന്‍ നല്‍കുന്നത്.
ട്വന്‍റി 20യില്‍ റിഷഭ് പന്ത് അമ്പേ പരാജയമായപ്പോള്‍ പുതിയ താരങ്ങളെ പരീക്ഷിക്കാനാണ് സെലക്‌ടര്‍മാരുടെ ശ്രമം എന്നാണ് സൂചന. സഞ്ജു കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2022ല്‍ രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടേയും പ്രകടനം ഇങ്ങനെ. ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ്. 25 മത്സരങ്ങള്‍ കളിച്ച പന്തിന് 21 ഇന്നിംഗ്‌സില്‍ 21.41 ശരാശരിയിലും 132.84 സ്‌ട്രൈക്ക് റേറ്റിലുമുള്ളത് 364 റണ്‍സ്. ഒരൊറ്റ ഫിഫ്റ്റിയെ റിഷഭിനുള്ളൂ. 16 ഇന്നിംഗ്‌സ് കളിച്ച ഇഷാന്‍ 127.95 സ്ട്രൈക്ക് റേറ്റിലും 29.75 ശരാശരിയിലും 476 റണ്‍സ്. ഇഷാന് മൂന്ന് അര്‍ധ സെഞ്ചുറികളുണ്ട്. അതേസമയം സഞ്ജു സാംസണ് ആറ് കളികളിലെ അഞ്ച് ഇന്നിംഗ്‌സില്‍ 158.4 സ്ട്രൈക്ക് റേറ്റിലും 44.75 ശരാശരിയിലും ഒരു ഫിഫ്റ്റി സഹിതം 179 റണ്‍സുണ്ട്.
സഞ്ജു സാംസണ് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യം നേരത്തെ മുതല്‍ സജീവമാണ്. സമീപകാലത്ത് രഞ്ജി ട്രോഫിയില്‍ മികച്ച ഫോമിലുമാണ് മലയാളി താരം. ഇതിനകം മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഞ്ജു നേടി. ടി20യിലും ഏകദിനത്തിലും മധ്യനിരയില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. ആക്രമിച്ച് കളിക്കുന്നതും ഫിനിഷറായി ഉപയോഗിക്കാവുന്നതും സഞ്ജുവിന്‍റെ പോസിറ്റിവായി സെലക്‌ടര്‍മാര്‍ കണ്ടാല്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കാം. സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് വസീം ജാഫര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ ടി20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ്.
