ടീം ഇന്ത്യക്കായി അവസാനം അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്തിയ നാല് താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടേതാണ് എന്നതാണ് സവിശേഷത
ഡൊമിനിക്ക: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയുമായി ഇന്ത്യന്‍ യുവതാരം യശസ്വി ജയ്സ്വാള്‍ ഏവരേയും ഞെട്ടിച്ചിരുന്നു. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഡൊമിനിക്കയിലെ ഒന്നാം ടെസ്റ്റില്‍ ജയ്സ്വാള്‍ മൂന്നക്കം കണ്ടെത്തിയത്. ഇതോടെ എലൈറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച താരം മറ്റൊരു അപൂർവ പട്ടികയിലും സ്ഥാനം കണ്ടെത്തി. ടീം ഇന്ത്യക്കായി അവസാനം ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്തിയ നാല് താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടേതാണ് എന്നതാണ് സവിശേഷത. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ എന്നിവരാണ് ജയ്സ്വാളിന് തൊട്ടുമുമ്പ് ടെസ്റ്റ് അരങ്ങേറ്റത്തില്‍ ശതകം കണ്ടെത്തിയ മൂന്ന് പേർ.
അതേസമയം അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ പതിനേഴാമത്തെ താരവും മൂന്നാമത്തെ മാത്രം ഓപ്പണറുമാണ് യശസ്വി ജയ്സ്വാള്‍. ശിഖര്‍ ധവാനും പൃഥ്വി ഷായുമാണ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍. വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്ററും ആദ്യ ഇന്ത്യന്‍ ഓപ്പണറുമെന്ന നേട്ടവും യശസ്വി ഡൊമിനിക്കയില്‍ വിന്‍ഡീസിനെതിരായ സെഞ്ചുറിയിലൂടെ സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ മത്സരത്തിലും ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള യശസ്വി ഐപിഎല്ലിലും സെഞ്ചുറി നേടിയിരുന്നു.
ഡൊമിനിക്ക ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയാണ്. 350 പന്തില്‍ 143* റണ്‍സുമായി യശസ്വി ജയ്‌സ്വാളും 96 ബോളില്‍ 36* റണ്‍സോടെ വിരാട് കോലിയും മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. എട്ട് വിക്കറ്റ് കയ്യിലിരിക്കേ ഇന്ത്യക്ക് ഇതിനകം 162 റണ്‍സിന്‍റെ ലീഡായി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(103), ശുഭ്മാന്‍ ഗില്‍(6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. 57 റണ്‍സ് കൂടി നേടിയാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ വിദേശത്ത് ഇരട്ടസെഞ്ചുറിയെന്ന അപൂര്‍വ നേട്ടം കൂടി യശസ്വി ജയ്സ്വാളിന് സ്വന്തമാകും.
Read more: അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി; അപൂര്‍വനേട്ടത്തില്‍ യശസ്വി
