വെസ്റ്റ് ഇന്‍ഡീസിന്‍റെ 150നെതിരെ 80/0 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്

ഡൊമിനിക്ക: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി രാജ്യാന്തര ക്രിക്കറ്റിലേക്ക് യശസ്വി ജയ്സ്വാളിന്‍റെ രാജകീയ വരവ്. ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ 215 പന്തില്‍ നിന്നാണ് 21കാരനായ ജയ്സ്വാള്‍ മൂന്നക്കം കണ്ടത്. വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സ് പിന്തുടരുന്ന ഇന്ത്യ യശസ്വി ജയ്സ്വാള്‍-രോഹിത് ശർമ്മ എന്നിവരുടെ തകരാത്ത ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ 71 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 213 റണ്‍സ് നേടിക്കഴിഞ്ഞു. ഇന്ത്യക്ക് ഇപ്പോള്‍ 63 റണ്‍സിന്‍റെ ലീഡുണ്ട്. 

വെസ്റ്റ് ഇന്‍ഡീസിന്‍റെ 150നെതിരെ 80/0 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ 104 പന്തില്‍ ഫിഫ്റ്റി തികച്ച യശസ്വി ജയ്സ്വാളിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശർമ്മ കൂടി അമ്പത് പിന്നിട്ടതോടെ രണ്ടാംദിനം ആദ്യ സെഷന്‍ പൂർത്തിയാകുമ്പോള്‍ ഇന്ത്യ 146/0 (55) എന്ന ശക്തമായ നിലയിലെത്തി. രണ്ടാം സെഷനിന്‍റെ തുടക്കത്തില്‍ തന്നെ ഇരുവരും ടീമിന് ലീഡ് സമ്മാനിച്ചു. ജയ്സ്വാള്‍-രോഹിത് ഷോയില്‍ മികച്ച ലീഡ് ലക്ഷ്യമാക്കി കുതിക്കുകയാണ് ഇപ്പോള്‍ ടീം ഇന്ത്യ. രോഹിത് ശർമ്മ സെഞ്ചുറിക്ക് അരികെ നില്‍ക്കുന്നു. 

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 64.3 ഓവറില്‍ 150 റണ്‍സില്‍ പുറത്താവുകയായിരുന്നു. 24.3 ഓവറില്‍ 60 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അശ്വിന്‍ 700 വിക്കറ്റ് തികച്ചു. മറ്റൊരു സ്പിന്നർ രവീന്ദ്ര ജഡേജ 14 ഓവറില്‍ 26 റണ്ണിന് മൂന്നും പേസർമാരായ മുഹമ്മദ് സിറാജ് 12 ഓവറില്‍ 25 റണ്ണിനും ഷർദുല്‍ താക്കൂർ 7 ഓവറില്‍ 15 റണ്ണിനും ഓരോ വിക്കറ്റും നേടി. ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ജയ്ദേവ് ഉനദ്കട്ടിന് വിക്കറ്റൊന്നും നേടാനായില്ല.

വിന്‍ഡീസ് ബാറ്റർമാരില്‍ അരങ്ങേറ്റം മത്സരം കളിക്കുന്ന ഇരുപത്തിനാലുകാരന്‍ എലിക് എഥാന്‍സേയാണ്(99 പന്തില്‍ 47) ടോപ് സ്കോറർ. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 20 ഉം ടാഗ്നരെയ്ന്‍ ചന്ദർപോള്‍ 12 ഉം റെയ്മന്‍ റീഫർ 2 ഉം ജെർമെയ്‍ന്‍ ബ്ലാക്ക്‍വുഡ് 14 ഉം ജോഷ്വ ഡിസില്‍വ 2 ഉം ജേസന്‍ ഹോള്‍ഡർ 18 ഉം അല്‍സാരി ജോസഫ് 4 ഉം കെമാർ റോച്ച് 1 ഉം ജോമെല്‍ വാരിക്കന്‍ 1 ഉം റകീം കോണ്‍വാള്‍ 19* ഉം റണ്‍സെടുത്തു. 

Read more: ഏഷ്യന്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിത്തിളക്കം; ട്രിപ്പിള്‍ ജംപില്‍ അബ്‍ദുള്ള അബൂബക്കറിന് സ്വർണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം